
ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്നറിയാം
കായംകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചിട്ടും കായംകുളം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇടത്, വലത് മുന്നണികളുടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയായില്ല. എൻ.ഡി.എയിൽ സീറ്റ് വിഭജനം പൂർത്തിയായി. ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും.
വാഡുകളിലെ സംവരണ സീറ്റുകളിൽ തീരുമാനമായതോടെ കായംകുളം നഗരസഭ പിടിക്കാൻ മൂന്ന് മുന്നണികളിലെയും നേതാക്കൾ ആദ്യം കളത്തിലിറങ്ങിയെങ്കിലും കായംകുളം നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി സംവരണം ആയതോടെ പലരും ഉൾവലിഞ്ഞു. മത്സരിച്ച് ചെയർമാനാകാൻ തയ്യാറെടുത്ത് നിന്നവർ വേണമെങ്കിൽ മത്സരിക്കാമെന്ന നിലയിലായിട്ടുണ്ട്. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും സംബന്ധിച്ച അനൗപചാരിക ചർച്ചകൾ എങ്ങും നടക്കുന്നുണ്ടിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഇനിയും കാക്കേണ്ടി വരും.
കഴിഞ്ഞ പത്ത് വർഷമായി എൽ.ഡി.എഫ് ആണ് നഗരസഭ ഭരിക്കുന്നത്.ആകെ 44 വാർഡുകളിൽ എൽ.ഡി.എഫ് 23,യു.ഡി.എഫ് 18,എൻ.ഡി.എ 3 എന്നിങ്ങനെയാണ് കക്ഷി നില. 2015ന് മുമ്പ് തുടർച്ചയായി പതിനഞ്ച് വർഷം യു.ഡി.എഫാണ് ഭരിച്ചിരുന്നത്. ഏഴ് സീറ്റുകൾ വരെ എൻ.ഡി.എ നേരത്തെ നേടിയിട്ടുണ്ടങ്കിലും ഭരണത്തിലേക്കുള്ള ദൂരം അകലെയാണ്. ഇത്തവണ വാർഡുകളുടെ എണ്ണം 45 ആയി വർദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം നഗര വികസനത്തെ പിന്നോട്ടടിച്ചതായും അഴിമതിയിൽ പൊറുത്തി മുട്ടിയ ജനം തങ്ങളോടൊപ്പം നിൽക്കുമെന്നുമാണ് യു.ഡി.എഫിന്റെ അവകാശവാദം. എന്നാൽ പത്ത് വർഷത്തെ ഭരണ നേട്ടവും സർക്കാരിന്റെ വികസന പദ്ധതികളും തുണയാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും കേന്ദ്രസർക്കാരിന്റെ ഭരണനേട്ടവുമാണ് എൻ.ഡി.എയുടെ കൈമുതൽ.
കഴിഞ്ഞ തവണ യു.ഡി.എഫിൽ 34 സീറ്റിൽ കോൺഗ്രസും 7 സീറ്റിൽ മുസ്ലിം ലീഗും ,എൻ.സി.കെ,സി.എം.പി,ആർ.എസ്.പി എന്നിവർ ഓരോസീറ്റിലും മത്സരിച്ചിരുന്നു. എൽ.ഡി.എഫിൽ സി.പി.എം 29 സീറ്റിലും,സി.പി.ഐ 11 സീറ്റിലും,ജെ.ഡി.എസ് ,കേരള കോൺഗ്രസ് മാണി എന്നിവർ ഓരോ സീറ്റിലും,എൻ.സി.പി രണ്ട് സീറ്റിലുമാണ് മത്സരിച്ചത്. എൻ.ഡി.എയിൽ ബി.ജെ.പി 39 സീറ്റിലും ബി.ഡി.ജെ.എസ് ഒരു സീറ്റിലും മത്സരിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കായംകുളത്ത് എൽ.ഡി.എഫിനെക്കാൾ മുന്നിലെത്താനായത് എൻ.ഡി.എ ക്യാമ്പിൽ ആത്മവിശ്വാസം പകരുന്നുണ്ട്.
നിലവിൽ കക്ഷിനില
എൽ.ഡി.എഫ് 23
യു.ഡി.എഫ് 18
എൻ.ഡി.എ 3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |