
കാസർകോട്: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വേഗത്തിൽ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്ന് പ്രചാരണമാരംഭിക്കാൻ മുന്നണികൾ നീക്കം തുടങ്ങി. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി വരികയാണ് മുന്നണികളിലെ പ്രധാന പാർട്ടികൾ. എൽ.ഡി.എഫിൽ സി പി.എം നേതൃത്വം സി പി.ഐ, ആർ.ജെ.ഡി, എൻ.സി പി എസ്, കേരള കോൺഗ്രസ് എം പാർട്ടികളുമായി ഉഭയകക്ഷി ചർച്ച നടത്തി.
ഇതുവരെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇന്നലെ കാഞ്ഞങ്ങാട് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ഐ.എൻ.എല്ലിനുള്ള സീറ്റിൽ ഉടലെടുത്ത പ്രശ്നം പരിഹരിക്കാനും സി പി.എം നേതൃത്വം ഇടപെടുന്നുണ്ട്. എൻ.സി പി.എസ് നേതാക്കളുമായി ഇന്നലെ രാത്രി നീലേശ്വരത്ത് വച്ച് എൽ ഡി എഫ് കൺവീനർ കെ.പിസതീഷ് ചന്ദ്രൻ ഉഭയകക്ഷി ചർച്ച നടത്തി.
ജില്ലാപഞ്ചായത്തിൽ ധാരണയിലെത്തി മുന്നണികൾ
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ സംബന്ധിച്ച് എൽ.ഡി.എഫിലും യു.ഡി.എഫിലും ധാരണയായിട്ടുണ്ട്. യു.ഡി.എഫിൽ വോർക്കാടി, പുത്തിഗെ, ഉദുമ, ചിറ്റാരിക്കാൽ, പിലിക്കോട്, കുറ്റിക്കോൽ,കള്ളാർ ഡിവിഷനുകളിൽ കോൺഗ്രസ് മത്സരിക്കാനാണ് ധാരണ. മഞ്ചേശ്വരം, കുമ്പള, സിവിൽ സ്റ്റേഷൻ, ചെങ്കള, ബേക്കൽ, ദേലമ്പാടി ഡിവിഷനുകളിലും ബദിയടുക്ക എസ്.സി സംവരണ സീറ്റിലും ലീഗ് ജനവിധി തേടും. കയ്യൂർ എസ്.ടി സംവരണ സീറ്റ് ആർ.എസ്.പിക്കും ചെറുവത്തൂർ സി.എം.പിക്കും നൽകും. ജില്ലാപഞ്ചായത്തിൽ പത്ത് ഡിവിഷനുകളിൽ വിജയിക്കുമെന്നാണ് യു. ഡി.എഫ് അവകാശവാദം. പത്തിലധികം സീറ്റുകളുമായി അധികാരം നിലനിർത്തുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു.
നഗരസഭകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിത്വം രണ്ടുദിവസത്തിനകം
കാഞ്ഞങ്ങാട് നഗരസഭയിലെ ചർച്ചകൾ രണ്ടു ദിവസം കൊണ്ട് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ലീഗ് നേതാക്കൾ. നിലവിൽ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിൽ എൽ.ഡി.എഫും കാസർകോട്ട് യു.ഡി.എഫുമാണ് ഭരിക്കുന്നത്. കാഞ്ഞങ്ങാടും നീലേശ്വരവും പിടിച്ചെടുക്കാനുറച്ചാണ് യു.ഡി.എഫിന്റെ പ്രവർത്തനം. അതെ സമയം കാസർകോട് നഗരസഭയിൽ പ്രതിപക്ഷത്തുള്ള ബി.ജെ.പിയും വലിയ പ്രതീക്ഷയോടെയാണ് സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |