
തൊടുപുഴ: ജനറേറ്ററുകളിലെ സ്‌ഫെറിക്കൽ വാൽവിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിന് മൂലമറ്റം പവർഹൗസ് ഇന്ന് മുതൽ ഡിസംബർ 10 വരെ പൂർണമായും അടച്ചിടും. അഞ്ച്, ആറ് നമ്പർ ജനറേറ്ററുകളിലെ മെയിൻ ഇൻടേയ്ക്ക് വാൽവിലെ (എം.ഐ.വി) ചോർച്ച പരിഹരിക്കുന്നതിനാണിത്. വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെങ്കിലും ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മാർച്ചിലാണ് വാൽവിന്റെ മുകൾഭാഗത്തെ സീലിന്റെ തകരാർ മൂലം ചോർച്ചയുണ്ടായത്. ഇത് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജൂലായിൽ ഒരു മാസത്തേയ്ക്ക് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാധിച്ചില്ല.പ്രവർത്തനം പൂർണ്ണമായി നിറുത്തി വച്ച ശേഷം ഓരോ വാൽവ് വീതം ക്രെയിനുപയോഗിച്ച് മാറ്റിയ ശേഷമാണ് പണി നടത്താനാവുക.. പുറത്തു നിന്നുള്ള വിദഗ്ദ്ധരും ഈ ജോലിക്കായി ഉണ്ടാകും.
അറ്റകുറ്റപണി
എല്ലാ വർഷവും
ഓരോ ജനറേറ്ററുകൾ ഓരോ മാസവും എന്ന നിലയിൽ എല്ലാ വർഷവും ജൂൺ മുതൽ ഡിസംബർ വരെ അറ്റകുറ്റപ്പണികൾ നടത്താറുള്ളതാണ്. വൈദ്യുതോത്പാദനം പൂർണ്ണമായും നിറുത്താറില്ല. മുമ്പ് 2019 ഡിസംബർ ഏഴു മുതൽ 17 വരെ ഒന്നാം നമ്പർ ജനറേറ്ററിലെ വാൽവ് മാറ്റുന്നതിനായി 10 ദിവസത്തേയ്ക്ക് പ്രവർത്തനം പൂർണ്ണമായും നിറുത്തിയിരുന്നു.
130 മെഗാവാട്ടിന്റെ
ആറ് ജനറേറ്ററുകൾ
130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതോത്പാദന കേന്ദ്രമായ മൂലമറ്റം പവർ ഹൗസിൽ സ്ഥാപിച്ചിരിക്കുന്നത്. 780 മെഗാവാട്ടാണ് ഉത്പാദന ശേഷി. ഒന്ന്, രണ്ട്, മൂന്ന് നമ്പർ ജനറേറ്ററുകൾ 1976 ലും നാല്, അഞ്ച്, ആറ് നമ്പർ ജനറേറ്ററുകൾ 1986 ലുമാണ് സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |