തിരുവനന്തപുരം: രോഗികൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കി മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനുള്ള പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.
താഴെത്തട്ടിലെ ആശുപത്രിയിൽ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാൻ പാടില്ല.
ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ് തുടങ്ങിയ അഞ്ച് സ്‌പെഷ്യാലിറ്റികൾക്കുള്ള പ്രോട്ടോക്കോളാണ് ആദ്യഘട്ടമായി പുറത്തിറക്കിയത്. മറ്റ് സ്‌പെഷ്യാലിറ്റികളുടെ പ്രോട്ടോക്കോൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
മെഡിക്കൽ കോളേജ്, ജില്ല, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള സ്‌പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാണ്. അതിനാൽ എല്ലാ സ്ഥാപനങ്ങളേയും അവിടെ ലഭ്യമായ മാനവവിഭവ ശേഷി, സൗകര്യങ്ങൾ എന്നിവ പരിഗണിച്ച് കാറ്റഗറി എ, ബി, സി 1, സി 2, ഡി എന്നിങ്ങനെ അഞ്ചായി തരം തിരിച്ചു.
ഓരോ കാറ്റഗറി സ്ഥാപനത്തിലും എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടാകണമെന്നും എന്തൊക്കെ ചികിത്സകൾ നൽകണമെന്നും പ്രോട്ടോക്കോളിലുണ്ട്. അവിടെ ചികിത്സയിലുള്ള രോഗിക്ക് എന്ത് അപായ സൂചനകൾ കണ്ടാലാണ് റഫർ ചെയ്യേണ്ടത്, രോഗ ലക്ഷണങ്ങളനുസരിച്ച് ഏത് ആശുപത്രിയിലേക്കാണ് റഫർ ചെയ്യേണ്ടത് എന്നതടക്കം പ്രോട്ടോക്കോളിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |