SignIn
Kerala Kaumudi Online
Tuesday, 11 November 2025 7.12 AM IST

നടുങ്ങി രാജ്യം: ഡൽഹിയിൽ ഭീകര സ്ഫോടനം, 13 മരണം ; മരണസംഖ്യ ഉയർന്നേക്കും

Increase Font Size Decrease Font Size Print Page
delhiblast

ന്യൂഡൽഹി: രാജ്യത്തെ നടുക്കി തലസ്ഥാനമായ ഡൽഹിയിൽ കാർബോംബ് സ്ഫോടനം. ചാവേർ ഭീകരാക്രമണമെന്നാണ് സംശയം. കാറിൽ ഉണ്ടായിരുന്നവർ അടക്കം 13 പേർക്ക് ദാരുണാന്ത്യം.

ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ഇരുപത്തിയഞ്ചിലധികം പേരിൽ പതിനഞ്ചോളം പേരുടെ നില അതീവ ഗുരുതരം. ഇവർ എൽ.എൻ.ജെ.പി ആശുപത്രിയിലാണ്. മരണസംഖ്യ ഉയരാൻ സാദ്ധ്യത.

8 പേർ മരിച്ചെന്നാണ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗികമായി പറഞ്ഞത്. കാറിൽ ഉണ്ടായിരുന്നവരുടെ ശരീരഭാഗങ്ങൾ പുറത്തേക്കു ചിതറിയതിനാൽ എത്രപേർ അതിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മുന്നിലും പിന്നിലും ഉണ്ടായിരുന്ന വാഹനങ്ങൾ കത്തിയമർന്നു. അവയിലെ യാത്രക്കാരും വഴിയാത്രക്കാരും ദുരന്തത്തിനിരയായി. മരിച്ചവരിൽ ഉത്തർപ്രദേശ് സ്വദേശി അശോക് കുമാറിനെ തിരിച്ചറിഞ്ഞു.

സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിനു മുന്നിൽ നടുറോഡിൽ മെല്ലെ വന്നുനിന്ന കാർ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഐ.ഇ.ഡി സ്‌ഫോടനമാണ്. ഹരിയാന രജിസ്ട്രേഷനുള്ള എച്ച്.ആർ 26 സി.ഇ 7674 കാറിന്റെ ഉടമ ഗുരുഗ്രാം സ്വദേശി മുഹമ്മദ് സൽമാനാണെന്ന് കണ്ടെത്തി. ഇയാൾ അടക്കം ചിലരെ കസ്റ്രഡിയിലെടുത്തിട്ടുണ്ട്. പുൽവാമയിലെ താരിഖ് എന്നയാൾക്ക് വിറ്റതായി ഇയാൾ മൊഴി നൽകിയെന്ന് അറിയുന്നു. ​സ്ഥലത്തു നിന്ന് ഒരു വെടിയുണ്ടയും കിട്ടി.

8 കാറുകൾ, നാല് റിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവ അഗ്നിഗോളങ്ങളായി. 20ൽപ്പരം അഗ്നിശമന സേനാ യൂണിറ്റുകൾ 7.29 ഓടെ തീ കെടുത്തി. ഹരിയാനയിലെ ഫരീദാബാദിൽ 360 കിലോ അമോണിയം നൈട്രേറ്റും അത്യാധുനിക തോക്കുകളും കണ്ടെത്തിയതിനു പിന്നാലെയാണ് സ്‌ഫോടനമെന്നത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിച്ചു. ഡൽഹിയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. സ്‌ഫോടനത്തിനു പിന്നാലെ രാജ്യമാകെ അതീവ ജാഗ്രത തുടരുകയാണ്.

കേരളത്തിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്നലെ രാത്രി പരിശോധന നടത്തി.

 ചിതറിത്തെറിച്ച് ശരീരഭാഗങ്ങൾ

ഏറ്റവും തിരക്കേറിയ ചാന്ദ്നി ചൗക്ക് വ്യാപാരമേഖല ഇവിടെയാണ്. തിങ്കളാഴ്ച ചെങ്കോട്ടയിൽ സന്ദർശകർക്ക് വിലക്കായതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു. സ്ഥാപനങ്ങളിലെയും വീടുകളിലെയും കണ്ണാടികൾ പൊട്ടിച്ചിതറി.

റോഡിൽ ശരീരഭാഗങ്ങൾ കണ്ട് ജനങ്ങൾ വാവിട്ടു നിലവിളിച്ചു. കൈപ്പത്തികൾ അടക്കം തെരുവിൽ വീണ് പിടഞ്ഞു. രണ്ടു കിലോമീറ്റർ അകലെവരെ സ്‌ഫോടന ശബ്‌ദം കേട്ടെന്ന് ദൃക്‌സാക്ഷികൾ. ജനങ്ങൾ നിലവിളിച്ചുകൊണ്ട് ഓടി അകന്നു. മേഖലയിലാകെ കരിമരുന്നിന്റെ ഗന്ധം പരന്നു.

അന്വേഷണത്തിന് എൻ.ഐ.എ

എൻ.ഐ.എയും എൻ.എസ്.ജിയും ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും ഉൾപ്പെടെ അന്വേഷണം തുടങ്ങി. ബോംബ് സ്‌ക്വാഡും ഫൊറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. നിർണായകമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

തന്ത്രപ്രധാന മേഖലയിൽ

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്‌ക്ക് അടുത്ത മേഖലയിൽ സ്‌ഫോടനം നടന്നതിനെ അതീവ ഗൗരവമായാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഡൽഹി പൊലീസ് കമ്മിഷണറുമായും അമിത് ഷാ സംസാരിച്ചു. മുംബയ് അടക്കം നഗരങ്ങളിലും, ഇന്ന് അവസാന ഘട്ട തിരഞ്ഞടുപ്പ് നടക്കുന്ന ബീഹാറിലും ഉൾപ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ഐ.ഇ.ഡി

പുൽവാമ ഭീകരാക്രമണത്തിന് അടക്കം ഭീകരർ ഉപയോഗിച്ചത് ഐ.ഇ.ഡിയാണ്. വേഗത്തിൽ തയ്യാറാക്കുന്ന സ്‌ഫോടക ഉപകരണമാണിത്. റോഡ് സൈഡ് ബോംബെന്നും പേരുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJIYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.