
രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്ക് മികച്ച സ്കോർ, 351/5
ചിരാഗിന് സെഞ്ച്വറി(152), വസവദയ്ക്കും(74) പ്രേരകിനും(52*) അർദ്ധസെഞ്ച്വറി
തിരുവനന്തപുരം : കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ സൗരാഷ്ട്ര
രണ്ടാം ഇന്നിംഗ്സിൽ തിരിച്ചടിച്ച് സമനിലയിലേക്ക് നീങ്ങുന്നു.
ആദ്യ ഇന്നിംഗ്സിൽ 160 റൺസിന് ആൾഔട്ടായ സൗരാഷ്ട്ര മൂന്നാം ദിനമായ ഇന്നലെ കളിനിറുത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 351/5 എന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് കഴിഞ്ഞദിവസം 233ൽ അവസാനിച്ചിരുന്നു. ഇപ്പോൾ 278 റൺസ് മുന്നിലാണ് സൗരാഷ്ട്ര. അവസാനദിനമായ ഇന്ന് പരമാവധി സമയം ബാറ്റുചെയ്തശേഷം കേരളത്തിന് വലിയ ലക്ഷ്യം നൽകി സമനിലയിൽ തളയ്ക്കുകയാണ് സൗരാഷ്ട്രയുടെ ലക്ഷ്യം.
മൂന്നാം ദിവസമായ ഇന്നലെ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിൽ 47/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ സൗരാഷ്ട്രയ്ക്ക് രാവിലെതന്നെ ജയ് ഗോഹിലിനെയും (24) ഗജ്ജാർ സമ്മാറിനെയും (31) നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ഒരുമിച്ച ചിരാഗ് ജാനിയും (152) വസവദയും (74) കൂട്ടിച്ചേർത്ത 180 റൺസാണ് കേരളത്തിന് തിരിച്ചടിയായത്. 48 ഓവറോളമാണ് ഇരുവരും വിക്കറ്റുകളയാതെ ക്രീസിൽ പിടിച്ചുനിന്നത്.
147 പന്തുകളിൽ ആറുഫോറുകളടക്കം 74 റൺസ് നേടിയ വസവദയെ പുറത്താക്കി ബാബ അപരാജിത്താണ് ഒടുവിൽ സഖ്യം പൊളിച്ചത്. എന്നാൽ പകരമിറങ്ങിയ പ്രേരക് മങ്കാദ് (52 നോട്ടൗട്ട് )ചിരാഗിനൊപ്പം മറ്റൊരു അടിപൊളി കൂട്ടുകെട്ടിന് മുതിർന്നതോടെ കേരളത്തിന്റെ വിജയപ്രതീക്ഷകൾ മങ്ങിത്തുടങ്ങി. അഞ്ചാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ചിരാഗ് മടങ്ങിയത്. 204 പന്തുകൾ നേരിട്ട ചിരാഗ് 14 ഫോറുകളും നാലുസിക്സുകളും പറത്തി. ഒടുവിൽ എൻ.പി ബേസിൽ ബൗൾഡാക്കുകയായിരുന്നു. കളിനിറുത്തുമ്പോൾ ഒരു റണ്ണുമായി അൻഷ് ഗോസായ്‌യാണ് പ്രേരകിന് കൂട്ട്.
രണ്ടാം ദിവസം ഹർമന്ത് ദേശായിയെ പുറത്താക്കിയിരുന്ന എം.ഡി നിതീഷിന് ഇന്നലെ ജയ് ഗോഹിലിന്റെ വിക്കറ്റ് മാത്രമാണ് ലഭിച്ചത്. എൻ.പി ബേസിലിന് രണ്ട് വിക്കറ്റുകളും ബാബ അപരാജിത്തിന് ഒരു വിക്കറ്റും ലഭിച്ചു.
അത്ഭുതമുണ്ടാകുമോ
അവസാനദിനം
ഈ മത്സരത്തിൽ കേരളത്തിന് വിജയിക്കണമെങ്കിൽ അവസാന ദിവസമായ ഇന്ന് അത്ഭുതങ്ങൾ എന്തെങ്കിലുമൊക്കെ നടക്കണം.
രാവിലെ സൗരാഷ്ട്രയുടെ അവശേഷിക്കുന്ന അഞ്ചുവിക്കറ്റുകൾ എത്രയും വേഗം വീഴ്ത്താൻ കേരളത്തിന് കഴിയണം.
300ന് മുകളിലുള്ള സ്കോർ ആണെങ്കിൽ കൂടി ചേസ് ചെയ്യാൻ ധൈര്യം കാട്ടുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |