
ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയ്ക്ക് തൊട്ടടുത്ത് സ്ഥോടനം നടന്നത് രാജ്യത്തെയാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ചെങ്കോട്ടയ്ക്ക് തൊട്ടടുത്തുള്ള മെട്രോ സ്‌റ്റേഷൻ കവാടത്തിന് മുന്നിൽ രണ്ട് കാറുകൾ പൊട്ടിത്തെറിച്ച് 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണിത്. നിരവധി വിനോദസഞ്ചാരികൾ വരുന്ന സ്ഥലവും.
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ കനത്ത സുരക്ഷയാണ് മുഴുവൻ സമയവും. വൈകിട്ട് ആറ് വരെയാണ് ചെങ്കോട്ടയിൽ പൊതുജനങ്ങൾക്ക് പ്രവേശനം. എന്നാൽ ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനം നൽകാത്ത തിങ്കളാഴ്ച ദിവസമാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ദേശീയ പ്രധാന്യമുള്ള സ്ഥലത്ത് നടന്ന സ്‌ഫോടനത്തെ ഗൗരമായാണ് സുരക്ഷാസേന കാണുന്നത്.
തലസ്ഥാനത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്‌നി ചൗക്ക് സ്‌ഫോടനം നടന്ന പ്രദേശത്തിനോട് ചേർന്നാണ്. സ്‌ഫോടനം നടന്നത് തിരക്ക് പാരമ്യത്തിലെത്തുന്ന സമയത്തായതിനാൽ സ്‌ഫോടനത്തിന് ശേഷം പരിഭ്രാന്തരായ ജനങ്ങളെ ഒഴിപ്പിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു.
കാർ എത്തിയത് പതിയെ
ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.55ഓടെ ഒരു കാർ ചുവന്ന സിഗ്നലിലേക്ക് പതുക്കെ നീങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് ഡൽഹി പൊലീസ് മേധാവി സതീഷ് ഗോൾച്ച പറഞ്ഞു. 'വൈകുന്നേരം 6.52ഓടെ, പതുക്കെ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്നലിൽ നിറുത്തി. ആളുകളുള്ള വാഹനത്തിൽ ഒരു സ്ഫോടനമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു'- സതീഷ് ഗോൾച്ച പറഞ്ഞു.
സുരക്ഷ ശക്തമാക്കി
ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ രാജ്യമാകെ അതീവ ജാഗ്രതയിൽ. ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ്. രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർദ്ധിപ്പിച്ചു. ജമ്മു കാശ്മീരിലും അതിർത്തി മേഖലകളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.
രാജ്യത്തെ സൈനിക കേന്ദ്രങ്ങളടക്കമുള്ള മേഖലകൾ അതീവ ജാഗ്രതയിലാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജനങ്ങൾ കൂടുതൽ എത്തുന്ന പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ പൊലീസിനും സുരക്ഷാസേനകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ തലസ്ഥാന മേഖലയിൽ പൊലീസ് വാഹന പരിശോധനയും പട്രോളിംഗും കർശനമാക്കിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പരിശോധനകൾ ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |