
ന്യൂഡൽഹി: അടുത്തകാലത്ത് സ്‌ഫോടനങ്ങളോ മറ്റ് അട്ടിമറികളോ ഇല്ലാത്തതിനാൽ സമാധാനപരമായിരുന്ന ഡൽഹിക്കാരുടെ ജീവിതത്തിലേക്ക് ഭീതിവാരിയിട്ടുകൊണ്ടാണ് ചെങ്കോട്ടയ്‌ക്ക് മുന്നിൽ ഇന്നലെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. 2014ന് ശേഷം ഡൽഹിയിൽ ഭീകരാക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുവേദികളിൽ ആവർത്തിക്കാറുണ്ട്. തിരക്കേറിയ ചെങ്കോട്ട പ്രദേശത്ത് ഇതിനു മുൻപും സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. 1997ൽ ചെങ്കോട്ട പ്രദേശത്തുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ മൂന്ന് പേരും 25 വർഷം മുൻപുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. 2005 ഒക്ടോബർ 29ന് സരോജിനി നഗറിലും പഹർഗഞ്ച് മാർക്കറ്റുകളിലുമായി നടന്ന മൂന്ന് സ്ഫോടനങ്ങളിൽ 59-ലധികം പേർ കൊല്ലപ്പെട്ടതാണ് ഡൽഹിയിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ദുരന്തം.
സ്ഫോടനങ്ങളുടെ ചരിത്രം
2011 മെയ് 25: ഡൽഹി ഹൈക്കോടതിക്ക് പുറത്തുള്ള ഒരു കാർ പാർക്കിംഗിലെ സ്ഫോടനം, ആളപായമില്ല.
2008 സെപ്തംബർ 27: കുത്തബ് മിനാറിന് സമീപമുള്ള മെഹ്‌റോളി പുഷ്പ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 3 മരണം
2008 സെപ്‌തംബർ 13: കൊണാട്ട് പ്ലേസ്,കരോൾ ബാഗിലെ ഗഫാർ മാർക്കറ്റ്,തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ എം-ബ്ലോക്ക് മാർക്കറ്റ് എന്നിവിടങ്ങളിൽ 45 മിനിറ്റിനുള്ളിൽ നടന്ന അഞ്ച് സ്ഫോടന പരമ്പരകളിൽ 25 മരണം.
2006 ഏപ്രിൽ 14: ഓൾഡ് ഡൽഹിയിലെ ജുമാ മസ്ജിദിൽ നടന്ന രണ്ട് സ്ഫോടനങ്ങളിൽ 14 പേർക്ക് പരിക്കേറ്റു.
2005 ഒക്ടോബർ 29: സരോജിനി നഗറിലും പഹർഗഞ്ച് മാർക്കറ്റുകളിലും നടന്ന മൂന്ന് സ്ഫോടനങ്ങളിൽ 59-ലധികം മരണം. ഗോവിന്ദ്പുരി പ്രദേശത്തെ ഒരു ബസിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം.
2001 ഡിസംബർ 13 പാർലമെന്റ് മന്ദിരത്തിന് വെളിയിൽ അഞ്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ 9 മരണം.
2000 ജൂൺ 18: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന രണ്ട് ശക്തമായ ബോംബ് സ്ഫോടനങ്ങളിൽ എട്ട് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു.
1998 ജൂലായ് 26: കാശ്മീരി ഗേറ്റ് അന്തർസംസ്ഥാന ബസ് സ്റ്റാന്റിൽ നിറുത്തിയിട്ട ബസിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
1997 ഡിസംബർ 30: പഞ്ചാബി ബാഗിന് സമീപം ഒരു ബസിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് മരണം.
1997 നവംബർ 30: ചെങ്കോട്ട പ്രദേശത്ത് നടന്ന ഇരട്ട സ്ഫോടനങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
1997 ഒക്ടോബർ 26: കരോൾ ബാഗ് മാർക്കറ്റിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ ഒരു മരണം
1997 ഒക്ടോബർ 18: റാണി ബാഗ് മാർക്കറ്റിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ ഒരു മരണം
1997 ഒക്ടോബർ 10: ശാന്തിവൻ, കൗരിയ പുൾ, കിംഗ്‌സ്‌വേ ക്യാമ്പ് പ്രദേശങ്ങളിൽ നടന്ന മൂന്ന് ബോംബ് സ്ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |