
ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് ജനങ്ങൾ ഇനിയും മുക്തരായിട്ടില്ല. സാധാരണ രീതിയിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു ഈ സ്‌ഫോടനം. സാമ്പത്തികമായും തൊഴിൽപരമായും വിദ്യാഭ്യാസപരമായുമെല്ലാം വളരെ ഉയർന്ന നിലയിലുള്ളവരെയാണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതിനാൽത്തന്നെ 'വൈറ്റ് കോളർ ഭീകരത' എന്നാണ് ഈ രീതി അറിയപ്പെടുന്നത്. എന്താണ് വൈറ്റ് കോളർ ഭീകരതയെന്ന് വ്യക്തമായി അറിയാം.
ഭീകരതയുടെ മാറുന്ന മുഖം
ഇന്നലെ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയിരുന്നു. ജമ്മു കാശ്‌മീർ സ്വദേശി ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ നടത്തിയ റെയ്‌ഡിലാണ് ഇവ കണ്ടെത്തിയത്. മുസമിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്‌ടറുടെ വീട്ടിൽ നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തത്. ഇയാൾ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്.
ഇത്തരത്തിൽ ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് വൈറ്റ് കോളർ ഭീകരതയ്‌ക്ക് പിന്നിൽ. സാധാരണ മനുഷ്യരെപ്പോലെ തന്നെയാകും ഇവരുടെ ജീവിതരീതി. ചിലപ്പോൾ നിങ്ങളുടെ തൊട്ടുമുന്നിൽ ഈ ഭീകരൻ ഉണ്ടാകാം. സമൂഹത്തിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിൽ മേഖലകളിലാകും വിദ്യാസമ്പന്നരായ ഇവർ ജോലി ചെയ്യുന്നത്. ഭീകര പ്രവർത്തനത്തിന് ആവശ്യമായ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ജോലി ചെയ്യുന്നത്. പെരുമാറ്റത്തിൽ പോലും യാതൊരുവിധ സംശയവും ആർക്കും തോന്നില്ല. സാധാരണ ഗതിയിൽ കണ്ടുവരുന്ന ഭീകരന്മാരിൽ നിന്നും തികച്ചും വ്യത്യസ്‌തരായിരിക്കും ഇവർ.

ഡൽഹി ഭീകരാക്രമണത്തിന് പിന്നിൽ
ഇന്നലെ ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് മുന്നിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് പിന്നിലുള്ളയാളെ പൊലീസ് തിരയുകയാണ്. ഫരീദാബാദിൽ നിന്ന് പിടികൂടിയ ഡോക്‌ടർമാരുടെ സംഘത്തിൽപ്പെട്ട ഡോ. ഉമർ മുഹമ്മദ് ആണ് പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതെന്നണ് പൊലീസിന് ലഭിക്കുന്ന വിവരം. ആദിൽ അഹമ്മദിനെയും മുസമിൽ ഷക്കീലിനെയും അറസ്റ്റ് ചെയ്‌തതിന് പിന്നാലെ പരിഭ്രാന്തനായ ഉമർ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയതായാണ് റിപ്പോർട്ടുകൾ.
ഉമർ മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കാറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചുവെന്നുവെന്നും പൊലീസ് സൂചന നൽകുന്നുണ്ട്. അൽ ഫലാഹ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉമർ ജോലി ചെയ്തിരുന്നത്. കാർ പാർക്ക് ചെയ്തിരുന്ന സമയത്ത് ഉമർ കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് വിവരം. അയാൾ ആർക്കെങ്കിലും വേണ്ടിയോ അല്ലെങ്കിൽ നിർദേശങ്ങൾക്ക് വേണ്ടിയോ കാത്തിരുന്നത് ആയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
പിന്നിൽ സ്‌ത്രീകളും
ഭീകരതയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരിൽ പുരുഷന്മാരാണ് ഏറെയും. എന്നാൽ, കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്‌ത്രീകളും ഇതിന് പിന്നിലുണ്ട്. ചാവേറുകളായി പോലും സ്‌ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. 'ജമാഅത്തുൽ മുഅ്മിനാത്ത്' എന്നാണ് വനിതാചാവേർ സംഘത്തിന്റെ പേര്. ഭീകര പ്രവർത്തനങ്ങൾക്കായി സ്‌ത്രീകൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകുന്നതായി റിപ്പോർട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കനത്ത നഷ്ടം സംഭവിച്ചതിനാൽ അംഗബലം വർദ്ധിപ്പിക്കുന്നതിനായാണ് ഇവരുടെ പുതിയ നീക്കം.

ചാവേർ സംഘത്തിൽ ചേർന്നാൽ മരണശേഷം നേരിട്ട് പറുദീസ ലഭിക്കുമെന്നാണ് ഈ സംഘം വാഗ്ദാനം ചെയ്യുന്നത്. ജെയ്‌ഷെ കമാൻഡർമാരുടെ ഭാര്യമാർ, സാമ്പത്തികമായി ദുർബലരായ സ്ത്രീകൾ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ എന്നിവരെയാണ് ആദ്യഘട്ടത്തിൽ റിക്രൂട്ട് ചെയ്യുന്നത്. സംഘടന വിപുലീകരിക്കുന്നതിനായി പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് ക്യാമ്പുകൾ ആരംഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
പുരുഷന്മാർക്ക് നൽകുന്ന അതേ പരിശീലനമാണ് സ്ത്രീകൾക്കും നൽകുന്നത്. മസൂദ് അസറിന്റെ കുടുംബാംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഓൺലൈൻ ക്ളാസുകളിലൂടെയാണ് സംഘത്തിലേയ്ക്ക് സ്ത്രീകളെ ആകർഷിക്കുന്നതെന്നാണ് ഇന്ത്യൻ ഇന്റലിജൻസിന് ലഭിച്ച വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |