
കെ.എസ്.ആർ.ടി.സി എന്ന ആനവണ്ടിയിൽ രണ്ടെണ്ണമടിച്ച് ഉഷാറായി യാത്ര ചെയ്യാൻ അനുവാദം നൽകി ആനമന്ത്രി കീഴൂട്ട് ഗണേഷ് കുമാർ വിശാലഹൃദയനായ ആശാനായി. ആനപ്പുറത്തെ പാപ്പാനും ആനവണ്ടിയിലെ യാത്രക്കാർക്കും നിയന്ത്രിത അളവിൽ 'സേവ" ആവാമെന്നാണ് മന്ത്രി പറയാതെ പറഞ്ഞത്. അല്പം സേവിക്കുന്നത് ബുദ്ധിയെ ഉണർത്തുമെന്നാണത്രേ പഴമൊഴി! യാത്രയിലെ ഉറക്കത്തിൽ മനസിലെ 70എം.എം സ്‌ക്രീനിൽ തെളിയുന്ന സ്വപ്നങ്ങൾ സ്വർഗകുമാരികളാകുന്നത് സ്വാഭാവികം. പക്ഷേ, അടുത്തിരിക്കുന്ന കുമാരിമാരെയും കുമാരന്മാരെയും അങ്ങനെ കാണരുതെന്നു മാത്രം. തല ചായ്ക്കുമ്പോൾ ഇക്കാര്യം ഓർക്കണം. അതായത് ആനപ്പുറത്തുനിന്നു തലയും കുത്തി താഴെ വീഴുകയോ, ആനവണ്ടിയിൽ അടുത്തിരിക്കുന്നയാളുടെ തോളിൽ തല ചായ്ക്കുകയോ, ചാഞ്ചാടിയാടി ഉറങ്ങുകയോ ചെയ്യുന്ന അവസ്ഥയിലാകരുത്. യാത്ര ചെയ്യുന്നത് ട്രെയിനിലല്ല, ബസിലാണ് എന്ന ബോധമുണ്ടാകണം. ട്രെയിനിലാണെന്ന് ആർക്കെങ്കിലും തോന്നിയാൽ ബസ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കു വിടും. അവിടെ വിശ്രമിച്ച് പിറ്റേന്നു പുറപ്പെടാം.
ഇതാണ് വളരെ ലളിതമായി ആനമന്ത്രി ഓർമ്മിപ്പിച്ചത്. അടിച്ചാൽ വയറ്റിൽ കിടക്കണമെന്നു ചുരുക്കം. തികട്ടി വരരുത്. ഊതുന്നതു പോലും അപമാനകരമാകുന്ന നാട്ടിൽ ഏമ്പക്കങ്ങൾ അത്യപകടകരമാണ്. അതുകൊണ്ട് ആൾക്കൂട്ടത്തിനിടയിൽ ഏമ്പക്കം, ചുമ, കോട്ടുവാ തുടങ്ങിയവ ഒഴിവാക്കണം. ഹ.., ഹോ.., തുടങ്ങിയ പ്രയോഗങ്ങൾ അടക്കിവയ്ക്കുകയും വേണം. മൗനം വിദ്വാന് ഭൂഷണം എന്നു തിരിച്ചറിയുക. റെയിൽവേ സ്റ്റേഷനിൽ വരുന്നവർ ഇക്കാര്യം ശ്രദ്ധിച്ചാൽ നല്ലത്.
ചെലവു കുറഞ്ഞ ട്രെയിൻ യാത്ര പതിവാക്കിയ പാവങ്ങൾക്കിടയിൽ മിക്‌സ് ചെയ്ത കുപ്പിയുമായി നുഴഞ്ഞുകയറുന്ന മാന്യന്മാരുടെ കൈയ്യിലിരിപ്പുകൾ പത്രങ്ങളുടെ ഒന്നാം പുറങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ ഒരുപാട് മിക്‌സിംഗുകാർക്ക് മിസാകുന്നത് ക്ഷീണമില്ലാത്ത യാത്രകൾ. റെയിൽവേ സ്റ്റേഷന്റെ പരിസരങ്ങളിലും, സ്റ്റേഷനിലും ട്രെയിനിലും 'ഊത്ത്' മെഷീനുകളുമായി ആപ്പീസർമാർ കാത്തുനിൽക്കുമ്പോൾ, യാത്ര ആനവണ്ടിയിലേക്കു മാറ്റിയാൽ ഈ പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രി ഓർമ്മിപ്പിക്കുന്നു. മൂത്രത്തിന്റെ മണമുള്ള ട്രെയിൻ ബോഗികളിൽ, ചെരിപ്പുകൾ ചെളിച്ചിത്രങ്ങൾ വരച്ച സീറ്റുകളിൽ അറപ്പോടെ ഇരിക്കുന്ന യാത്രക്കാരെ ബസിലേക്ക് ആകർഷിക്കാനുള്ള മന്ത്രിയുടെ വലിയ മനസ് മലയാളികൾ തിരിച്ചറിയണം. ധാരാളം യാത്ര ചെയ്യുന്ന ആളായതിനാൽ യാത്രക്കാരുടെ മനഃശാസ്ത്രം മന്ത്രിക്ക് നന്നായറിയാം.
ഡ്രൈവർമാരായാലും അബ്കാരി ചട്ടങ്ങൾ പാലിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. ഡ്രൈവർമാരിൽ ചിലർ ബസിന്റെ മുൻഭാഗത്ത് വിൻഡ് ഷീൽഡിനോടു ചേർന്നു നിരത്തിവയ്ക്കുന്ന വെള്ളക്കുപ്പികളിൽ കലർപ്പുണ്ടോയെന്ന സംശയം ബലപ്പെട്ടത് സ്വാഭാവികമാണ്. വീര്യത്തിനൊപ്പം വണ്ടിയുടെ വേഗവും കൂടിയാൽ യാത്ര എവിടെ അവസാനിക്കും? ഈ തീരുമാനം യാത്രക്കാർക്ക് ബാധകമാണോയെന്ന് വ്യക്തമല്ല. യാത്രക്കാരുടെ കുപ്പിയിലെ ദ്രാവകങ്ങൾ രുചിച്ചു നോക്കി ഉറപ്പുവരുത്താനുള്ള ചുമതല കണ്ടക്ടർമാർക്ക് നൽകുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രായോഗികമല്ല. പത്തുകുപ്പികളിലെ വെള്ളം രുചിച്ചു നോക്കിയാൽ കണ്ടക്ടറുടെ അവസ്ഥ എന്താകുമെന്ന് മന്ത്രി ചിന്തിക്കണം. മാത്രമല്ല, ധാരാളം വനിതാ കണ്ടക്ടർമാരുമുണ്ട്. ഇതിനായി പ്രത്യേകം തസ്തിക സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്ന വിവരം ചോർന്നതോടെ അപേക്ഷകൾ പ്രവഹിക്കുകയാണെന്നാണ് വിവരം.
ഒരുപാട് കാശുമുടക്കി വാങ്ങിയ കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ ഈ ഓഫർ സഹായിക്കുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ. നടവു വേദനയും ക്ഷീണവും ഇല്ലാതെ ലക്ഷ്യത്തിലെത്താൻ ചില ഒറ്റമൂലികൾ സഹായകമാണ്. മുഖ്യമന്ത്രിയടക്കം ഒന്നും പ്രതികരിക്കാതെ ഇതിനു പിന്തുണ പ്രഖ്യാപിച്ചു.
റെയിൽവേ സ്റ്റേഷനുകളിൽ എല്ലാ യാത്രക്കാരെയും ഊതിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ലക്ഷണശാസ്ത്രപ്രകാരമാണ് നടപടി. രണ്ടെണ്ണമടിച്ച് ആങ്ങിത്തൂങ്ങിയിരിക്കാതെ മിടുക്കനായി ട്രെയിനിൽ കയറിയാൽ പ്രശ്‌നമല്ല. കുടുംബസഹിതം യാത്ര ചെയ്യുന്നവർക്കും പ്രശ്‌നമില്ല. ഭാര്യയോ, അങ്ങനെ തോന്നിക്കുന്ന ഒരാളോ കൂടെയുണ്ടാവണം. ലുക്കിലാണ് കാര്യം; കിക്കിലല്ല.
കായ്ഫലമുള്ള മരമാണ് ഗണേശൻ മന്ത്രിയെന്ന് കോൺഗ്രസുകാർ തിരിച്ചറിഞ്ഞുതുടങ്ങി. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനാണ് ഈ ബോധോദയമുണ്ടായത്. വീര്യമുള്ള പാനീയം നൽകുന്ന തെങ്ങിനോടാണോ മന്ത്രിയെ ഉപമിച്ചതെന്ന് വ്യക്തമല്ല. അതോടെ കോൺഗ്രസ് വെട്ടിനിരത്തിയ വെട്ടിക്കവലയെ വീട്ടിലെത്തി ഗണേഷ് കുമാർ പാർട്ടിയിലെടുത്തു. കക്ഷിയെ മത്സരിപ്പിച്ച് വീണ്ടും പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രി.
സർക്കാരിന്റെ അബ്കാരി നയം ഇത്രയും തിരിച്ചറിഞ്ഞ ഒരൊറ്റയാൾ പോലും വിപ്ലവ മന്ത്രിസഭയിൽ വേറെയില്ല. അതാണ് കേരള കോൺഗ്രസ് 'ബി" എന്ന വാൽക്കഷണത്തിന്റെ വലിപ്പം. കേരള കോൺഗ്രസിന്റെ വലിയൊരു നടുത്തുണ്ടം മന്ത്രിസഭയിലുണ്ടെങ്കിലും തീരുമാനങ്ങൾക്കു ചൂടും ചൂരുമില്ല. ഇടിവെട്ടിയ റബർ മരത്തിന്റെ അവസ്ഥയാണെന്ന് പാർട്ടിക്കാർ തന്നെ പറഞ്ഞു തുടങ്ങി. വലത്തോട്ടു ചാടണോ വേണ്ടയോ എന്ന ചർച്ച പുരോഗമിക്കുമ്പോൾ മറ്റു കാര്യങ്ങൾ ആലോചിക്കാൻ സമയമില്ല. പാലായിൽ റബർ മരങ്ങൾക്കു മൊത്തത്തിൽ വാട്ടമായതിനാൽ കടുത്തുരുത്തിയിലേക്ക് പറിച്ചുനട്ടാലോ എന്ന ആലോചന സജീവമാണ്. അപ്പോൾ കടുത്തുരുത്തിയിലെ മരങ്ങൾ എന്തു ചെയ്യുമെന്ന സംശയം ബാക്കി. പാലാ കോൺഗ്രസിന്റെ ലീഡർ ജോസ് മോൻ കടുത്തുരുത്തിയിൽ ഏതു മുന്നണിയിൽ നിന്നാലും കാര്യങ്ങൾ കടുപ്പമാകുമെന്ന് പാർട്ടിയിലെ 'കടുംവെട്ട്" നേതാക്കൾ പറയുന്നു. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് മുന്നണി മാറുന്നവരെ സ്വീകരിച്ചാൽ വിവരമറിയുമെന്ന മുന്നറിയിപ്പ് വാലില്ലാത്ത കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് നൽകിക്കഴിഞ്ഞു. ബ്രായ്ക്കറ്റിൽ അക്ഷരമില്ലാത്ത ഏക കേരള കോൺഗ്രസാണിത്.
ക്ഷീണം മാറ്റാൻ
മേയറുടെ ഉല്ലാസയാത്ര!
അഞ്ചുവർഷം എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്നതിന്റെ ക്ഷീണം തീർക്കാൻ വിനോദയാത്രയ്ക്ക് പോകാനാണ് തൃശൂർ മേയർ എം.കെ. വർഗീസിന്റെ തീരുമാനം. മൂന്നുമാസത്തെ വിശ്രമത്തിനുശേഷം തിരിച്ചെത്തുമ്പോൾ പാർട്ടി മാറുമെന്നൊരു സൂചനയും മൂപ്പരു നൽകിയിട്ടുണ്ട്. ശരീരം എൽ.ഡി.എഫിലും മനസ് ബി.ജെ.പിയിലും നിലയുറപ്പിച്ച ആളായതിനാൽ തീരുമാനം എന്തായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എൽ.ഡി.എഫിൽ നിന്നിട്ടു കാര്യമില്ലാത്തതിനാൽ ബി.ജെ.പിയുടെ നിയമസഭാ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |