
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി കേസിൽ അറസ്റ്റിലായ എൻ വാസുവിനെ റിമാൻഡ് ചെയ്‌തു. തിരുവിതാംകൂർ ദേവസ്വം മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ വാസുവിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി നവംബർ 24 വരെയാണ് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. അദ്ദേഹത്തെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. ശബരിമല കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. പ്രത്യേക അന്വേഷണസംഘം ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ ചോദ്യംചെയ്‌തത്.
വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴിയും വാസുവിന് എതിരായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. രേഖകളിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വാസുവിന് മറുപടിയില്ലായിരുന്നു. ഇന്ന് ഈഞ്ചക്കലിലെ ഓഫീസിൽ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്തതിനശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണ് ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുള്ളത്. എല്ലാം വാസു അറിഞ്ഞുകൊണ്ടാണ് ചെയ്തതെന്ന് മുരാരി ബാബുവും സുധീഷ് കുമാറും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മിഷണർ ബൈജുവിന്റെ മൊഴിയും വാസുവിന് എതിരായി.അറസ്റ്റിലായ സുധീഷ്‌കുമാർ ശബരിമല എക്സിക്യുട്ടീവ് ഓഫീസറും പിന്നീട് വാസുവിന്റെ പി എയുമായി പ്രവർത്തിച്ചിരുന്നു. വാസു രണ്ടുതവണ ദേവസ്വം കമ്മിഷണറായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |