
ഹരിപ്പാട് : മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രത്തിൽ ആയില്യം എഴുന്നള്ളത്തും പൂജയും ഇന്ന് നടക്കും. നാഗരാജാവിന്റെ അനുഗ്രഹം തേടി പതിനായിരക്കണക്കിന് ഭക്തർ മണ്ണാറശാലയിലേക്ക് ഒഴുകിയെത്തും. രാവിലെ 4ന് നട തുറക്കും, 6 മണിയോടെ കുടുംബകാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും.
വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യംനാളിൽ ചാർത്തുന്നത്. 9മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം അമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും. രാവിലെ 10മുതൽ മണ്ണാറശാല യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട്. ഉച്ചപൂജയ്ക്കശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ അമ്മയുടെ കാർമ്മികത്വത്തിൽ ആയില്യം പൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പടെയുള്ള ആയില്യം പൂജകൾ പൂർത്തിയാകുമ്പോൾ അർദ്ധരാത്രിയാകും. ആയില്യം പൂജകൾക്ക് ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും പ്രധാനമാണ്. ഇതിന് ശേഷം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും.
നാഗചൈതന്യം നിറഞ്ഞു നിൽക്കുന്ന മണ്ണാറശ്ശാലയിലേക്ക് പതിനായിരങ്ങളാണ് ഇന്നലെ പൂയം തൊഴാൻ എത്തിയത്. തിരുവാഭരണം അണിഞ്ഞ് പൂയം നാളിൽ നാഗരാജാവും സർപ്പയക്ഷിയമ്മയും ദർശനസുകൃതമേകി. നാഗരാജാവിന്റെയും സർപ്പയക്ഷിയമ്മയുടെയും നടകളിൽ ചതുശ്ശത നിവേദ്യത്തോടെ അമ്മ സാവിത്രി അന്തർജനം നടത്തിയ ഉച്ചപൂജ ദർശിക്കാൻ വൻ ഭക്തജനത്തിരക്കായിരുന്നു. ഇളമുറയിൽപ്പെട്ട അന്തർജനങ്ങളോടൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |