
വിദേശ നിക്ഷേപ ഒഴുക്കിൽ മുന്നേറ്റം
കൊച്ചി: നാടിനെ നടുക്കിയ ഡെൽഹി സ്‌ഫോടനത്തിലും ഉലയാതെ നിക്ഷേപകർ സജീവമായതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ വിപണി നഷ്‌ടത്തിലേക്ക് നീങ്ങിയെങ്കിലും നിക്ഷേപകരുടെ പണമൊഴുക്ക് ഉയർന്നതോടെ മുഖ്യ ഓഹരി സൂചികകളായ സെൻസെക്സും നിഫ്‌റ്റിയും ശക്തമായി തിരിച്ചുകയറി. ഭീകര ആക്രമണങ്ങൾക്ക് പിന്നാലെ ആശങ്കയോടെ മൂക്കുകുത്തുന്ന പ്രവണതകൾ പഴങ്കഥകളാക്കിയാണ് പുതിയ ഇന്ത്യയിലെ നിക്ഷേപകർ ഇന്നലെ പെരുമാറിയത്. സെൻസെക്‌സ് ഇന്നലെ 335.7 പോയിന്റ് നേട്ടത്തോടെ 83,871.32ൽ അവസാനിച്ചു. നിഫ്‌റ്റി 120.6 പോയിന്റ് ഉയർന്ന് 25,694.95ൽ എത്തി. ഇന്റർ ഗ്ളോബ് ഏവിയേഷൻ, ഭാരത് ഇലക്ട്രോണിക്‌സ്, എച്ച്.സി.എൽ ടെക്ക് എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.
ആഗോള മേഖലയിലെ അനുകൂല വാർത്തകളാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്. ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവയ്ക്കാൻ സാദ്ധ്യത തെളിഞ്ഞതും ഫെഡറൽ റിസർവ് പലിശ കുറച്ചേക്കുമെന്ന വാർത്തകളും വിദേശ നിക്ഷേപ ഒഴുക്ക് കൂടാൻ സഹായിച്ചു.
വിപണിയുടെ ആവേശം
1. ഇന്ത്യയുമായി വ്യാപാര കരാർ ഉടനെന്ന ട്രംപിന്റെ പ്രസ്താവന
2. അമേരിക്കയിലെ സർക്കാർ ഷട്ട്‌ഡൗൺ ഒഴിവാകുമെന്ന പ്രതീക്ഷ
3. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലെ ഇടിവ്
4. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പണമൊഴുക്കിലെ വർദ്ധന
പ്രത്യക്ഷ നികുതി വരുമാനത്തിൽ കുതിപ്പ്
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസത്തിൽ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം ഏഴ് ശതമാനം വർദ്ധിച്ച് 12.92 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ് നികുതിയിലെ കുതിപ്പാണ് അനുഗ്രഹമായത്. റീഫണ്ട് തുക കുറഞ്ഞതും ഗുണമായി. കോർപ്പറേറ്റ് നികുതി ഇനത്തിൽ 5.37 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.
മൊബൈൽ കയറ്റുമതിയിൽ റെക്കാഡ്
ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ കയറ്റുമതി ഒക്ടോബറിൽ റെക്കാഡ് ഉയരത്തിലെത്തി. കഴിഞ്ഞ മാസം 240 കോടി ഡോളറിന്റെ മൊബൈൽ ഫോണുകളാണ് ഇന്ത്യ കയറ്റി അയച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |