
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച മാസം 1000രൂപ നൽകുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ അർഹത സംബന്ധിച്ച് പൊതുമാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി.
ഇതനുസരിച്ച് 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്.ഇവർ തന്നെയാണ് അയോഗ്യരെ ഒഴിവാക്കി അർഹരായവരുടെ പട്ടികയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഐ.എഫ്.എസ്.സി.കോഡും ആധാർ നമ്പറുമുൾപ്പെടെ സാമൂഹ്യസുരക്ഷാ കമ്പനിക്ക് കൈമാറേണ്ടത്.ഈ കമ്പനിയാണ് മാസാമാസം തുക അക്കൗണ്ടിലേക്ക് ഇടുക.ജനനസർട്ടിഫിക്കറ്റില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് മതിയാകും.ട്രാൻസ് വുമൺ അടക്കമുള്ളവർക്ക് സഹായം ലഭിക്കുന്നതാണ്.
നിബന്ധനകൾ ഏറെ
1.അനർഹർ തുക കൈപ്പറ്റിയാൽ 18% പലിശയോടെ തിരിച്ചുപിടിക്കും.
2.എല്ലാവർഷവും മസ്റ്ററിംഗും നിർബന്ധമാക്കിയിട്ടുണ്ട്.
3.ജയിലിൽ പോയാൽ സഹായം നിറുത്തും.
4.പണം വാങ്ങുന്നയാൾ മരിച്ചാൽ കുടുംബത്തിന് സഹായം തുടർന്ന് കിട്ടില്ല.
5.മഞ്ഞ,പിങ്ക് റേഷൻകാർഡുള്ളവർക്കാണ് സഹായംകിട്ടുക. അവരുടെ റേഷൻകാർഡ് നീല, വെള്ള റേഷൻ കാർഡുകൾ ആയി തരം മാറ്റപ്പെടുന്ന പക്ഷം സഹായം നിലയ്ക്കും.
6.സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.
7.സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറിയാലും കേന്ദ്രസംസ്ഥാനസ്ഥാപനങ്ങളിൽ ജോലികിട്ടിയാലും സഹായം ഇല്ലാതാകും.
8.വിധവാ പെൻഷൻ,അവിവാഹിത പെൻഷൻ,വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമപെൻഷനുകൾ,വിവിധതരം സർവീസ് പെൻഷനുകൾ,കുടുംബ പെൻഷൻ,ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള കടുംബ പെൻഷൻ,ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |