
ഓരോ മനുഷ്യർക്കും എതിർപ്പുള്ളവരും ശത്രുതയുള്ളവരും ധാരാളമുണ്ടാകും. ഇവരുടെ ശല്യം ഒഴിവാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും. നല്ലതിനായി നമ്മൾ ക്ഷേത്രത്തിൽ കഴിപ്പിക്കുന്ന വഴിപാടുകളിൽ ചിലത് ഇത്തരത്തിലാണെന്ന് തെറ്റിദ്ധാരണയുണ്ട്. ഇതിൽ പ്രധാനമാണ് ശത്രുസംഹാര പൂജ അഥവാ ശത്രുസംഹാര പുഷ്‌പാഞ്ചലി. പേരിൽ ശത്രുവുണ്ടെന്ന് കരുതി ഈ വഴിപാട് ഏതെങ്കിലും ശത്രുവിനെതിരെയുള്ളതല്ല. നമ്മുടെ ഉള്ളിൽതന്നെ നമുക്കെതിരായ ചില വികാരങ്ങളുണ്ട്. ആ വികാരങ്ങളായ ശത്രുക്കളെ നേരിടാനാണ് ഈ വഴിപാട്.
കാമം, ക്രോധം, മോഹം, ലോഭം, മദമാത്സര്യങ്ങൾ എന്നിവയാണ് നമ്മുടെ ശത്രുക്കൾ. ഇവയെ നിയന്ത്രിക്കുമ്പോൾ ഓരോ മനുഷ്യനും ജീവിതം മികവുറ്റതാകും. നാം വസിക്കുന്ന ഭൂമിയും നമ്മുടെ ശരീരവുമെല്ലാം ഒന്നാണെന്ന ഭാവമാണ് ആചാര്യന്മാർ പഠിപ്പിച്ചത്. ഈ ഭാവത്തിന് മാറ്റംവരുമ്പോഴാണ് മുകളിൽ പറഞ്ഞ ചിന്തകൾ വരുന്നത്. ഇതുവഴി മറ്റുള്ളവരോട് അനാവശ്യമായ കോംപ്ളക്‌സുകളോ എതിർപ്പുകളോ അസൂയയോ ഒക്കെവരാം. ഇത് ഉന്മൂലനം ചെയ്യാനാണ് ശത്രുസംഹാര പൂജ നടത്തുന്നത്. ഓരോ മനുഷ്യർക്കും ഓരോ മോശം ദശാപഹാരങ്ങളുണ്ടാകും. ഈ കാലത്ത് അവ നമ്മെ നശിപ്പിക്കാതിരിക്കാനാണ് ശത്രുസംഹാര പൂജ.
ഐശ്വര്യം, യശസ്, വീര്യം എന്നിങ്ങനെ ആറോളം ഗുണങ്ങൾക്ക് വേണ്ടി ഷഡ്‌വൈരികളായ ദോഷങ്ങളെ അകറ്റാനാണ് ഈ പൂജ നടത്തേണ്ടത്. തമിഴ്‌നാട്ടിലെ മുരുകന്റെ ആറ് പടൈ വീടുകളിൽ പ്രധാനമായ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ശത്രുസംഹാര പൂജകൾ ചെയ്യാറുണ്ട്. ഗ്രഹദോഷം, ദൃഷ്‌ടിദോഷം, ശാപം ഇവ അകലാനും ഭയം, കടബാദ്ധ്യത, മനോരോഗങ്ങൾ ഇവ മാറാനും ഇവിടെ പൂജ കഴിക്കുക പ്രധാനമാണ്. ക്ഷേത്രത്തിന് പടിഞ്ഞാറ് ശത്രുസംഹാര മൂർത്തി ക്ഷേത്രത്തിലാണ് ഇത് ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |