
പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഖലീഫയിൽ മമ്മൂട്ടി അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന് സൂചന. മമ്മൂട്ടിയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചർച്ച നടത്തി . എന്നാൽ മമ്മൂട്ടി സമ്മതം അറിയിച്ചില്ല എന്നാണ് വിവരം.
പോക്കിരിരാജാ കഴിഞ്ഞ് 15 വർഷങ്ങൾക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫയുടെ ആദ്യ ഘട്ട ചിത്രീകരണം ലണ്ടനിൽ ആണ് നടന്നത്. വൈശാഖിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടി ആയിരുന്നു പോക്കിരിരാജാ. മമ്മൂട്ടി നായകനായ ടർബോ ആണ് വൈശാഖിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതേസമയം കടുവയ്ക്ക് ശേഷം ജിനു.വി.എബ്രഹാം രചന നിർവഹിക്കുന്ന ഖലീഫ ഓണത്തിന് തിയേറ്ററുകളിലെത്തും.
പൃഥ്വിരാജ് ആമിർ അലി എന്ന സ്വർണക്കച്ചവടക്കാരനായി എത്തുന്ന ചിത്രത്തിന് ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ട്. പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും എന്നാണ് ടാഗ്ലൈൻ. െഎ നോബഡി, സന്തോഷ് ട്രോഫി, കരീന കപൂറിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ദായ്റ എന്നിവ പൃഥ്വിരാജിന് പൂർത്തിയാക്കാനുണ്ട്. ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ദായ്റയിൽ പൊലീസ് വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ഖലീഫയുടെ നിർമ്മാണം. ഛായാഗ്രഹണം ജോമോൻ ടി. ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റർ: ചമർ ചാക്കോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |