
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകൾക്ക് മുൻപ് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിന്റെ നിർണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ കൂടി ചേർത്തിരുന്നതായി റിപ്പോർട്ട്. 2019ലെ പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ ഭാര്യയായ അഫീറ ബീവിയാണ് ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത്- ഉൽ- മൊമിനാത്ത് എന്ന ബ്രിഗേഡിന്റെ തലപ്പത്ത് നിയമിതയായത്.
ജെയ്ഷെ തലവൻ മസൂദ് സറിന്റെ സഹോദരിയായ സാദിറ അസറിനൊപ്പം ജമാഅത്ത് - ഉൽ- മൊമിനാത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് അഫീറ ബീബിയുടെ ചുമതല. മസൂദ് അസറിന്റെ ഭീകരപദ്ധതികളുടെ സുന്ദരമുഖമാണ് അഫീറ. പാക് സ്ത്രീകളെയും പെൺകുട്ടികളെയും ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനാണ് അഫീറയുടെ പ്രവർത്തനം. ഇന്റലിജൻസ് ഏജൻസികൾ നൽകുന്ന വിവരങ്ങൾ പ്രകാരം പാകിസ്ഥാൻ വീണ്ടും ഭീകര സംഘടനകൾക്ക് വലിയ തോതിൽ ധനസഹായവും ഇളവുകളും നൽകാൻ തുടങ്ങിയിട്ടുണ്ട്.
ജയ്ഷെയുടെ വനിതാവിഭാഗം ആശയപ്രചാരണത്തിനും സ്ത്രീകളെ തീവ്രവാദ സംഘടനയിലേക്ക് ബന്ധിപ്പിക്കുന്നതിനുമായാണ് പ്രവർത്തിക്കുന്നത്. മത വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യ പ്രവർത്തനത്തിന്റെയും മറവിലാണ് വനിതാ വിഭാഗത്തിന്റെ പ്രവർത്തനം, ഭീകര പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്ത്രീ ശാക്തീകരണം എന്ന വ്യാജമുഖംമൂടി ഉപയോഗിക്കുന്ന എന്ന ജെയ്ഷെ മുഹമ്മദിന്ഫെ പുതിയ തന്ത്രമാണിതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.
കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്ന ഭീകരൻ യൂസഫ് അസറിന്റെ ഭാര്യയാണ് സാദിയ അസർ. യൂസഫ് അസർ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. അഫീറയുടെ ഭർത്താവ് ഉമർ ഫാറൂഖ് 2019ൽ ജമ്മു കാശ്മീരിലെ ദച്ചിനാം ദേശീയോദ്യാനത്തിന് സമീപം നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഭീകരതയുടെ മുഖ്യ സൂത്രധാരൻമാരുടെ കുടുംബാംഗങ്ങളെ ഉപയോഗിച്ച് വനിതാ വിഭാഗത്തെ ശക്തിപ്പെടുത്താനുള്ള ജെയ്ഷെ മുഹമ്മദിന്റെ നീക്കമാണ് അഫീറ ബീബിയുടെ സ്ഥാനവ ലബ്ധിയിലൂടെ വ്യക്തമാകുന്നത്. ജമാഅത്ത് - ഉൽ- മൊമിനാത്ത് സജീവമാക്കി പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |