
ന്യൂഡൽഹി: ഭരണകക്ഷിയിൽപ്പെട്ട നേതാവിനെ, അതും ഒരു ജില്ലാ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ ഇന്ന് കേരളത്തിലെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ ധൈര്യപ്പെടുമോ. എന്നാൽ 2001ൽ എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് കമ്മിഷണർ ഓഫീസ് മാർച്ച് അക്രമാസക്തമായതിന്റെ പേരിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. വീരാൻകുട്ടിയെ വെളുപ്പിനെ ഒരു ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്‌ത് വിവാദമുണ്ടാക്കിയ ഒരാളുണ്ട്. അന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന വിജയ് സാഖറെ. ഇന്ന് എൻ.ഐ.എയിൽ അഡിഷണൽ ഡയറക്‌ടർ ജനറൽ. സാഖറെയാണ് ഡൽഹി സ്‌ഫോടനം അന്വേഷിക്കുന്ന പത്തംഗ എൻ.ഐ.എ സംഘത്തെ നയിക്കുക.
മഹാരാഷ‌്‌ട്ര സ്വദേശി. യു.എസ് ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. 1996 കേരള കേഡർ ഐ.പി.എസ് ഓഫീസർ. വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളുടെ പേരിൽ പിന്നീടും കേരളത്തിൽ സാഖറെ വിവാദ നായകനായിട്ടുണ്ട്. 2020ൽ കാസർകോട് കൊവിഡ് പടർന്നപ്പോൾ പ്രതിരോധ നടപടികളുടെ പേരിൽ വാർത്തകളിൽ ഇടം നേടി. പിന്നീട് കേരളത്തിലുടനീളമുള്ള കൊവിഡ് പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം സിറ്റി കമ്മിഷണറായും പ്രവർത്തിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്‌തനായാണ് അറിയപ്പെട്ടത്. അതിനാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്‌ന സുരേഷ് ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. കേരളത്തിൽ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥനാണ് സാഖറെ. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകളും അന്വേഷിച്ചിരുന്നു. 2022ൽ അഞ്ചു വർഷത്തേക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ചപ്പോൾ നാർക്കോട്ടിക് ബ്യൂറോ ചോദിച്ച സാഖറെയെ എൻ.ഐ.യിൽ കേന്ദ്രസർക്കാർ നിയോഗിക്കാൻ കാരണം അതാണ്. പല കേസുകളിലും അദ്ദേഹത്തിന്റെ അന്വേഷണ മികവ് എൻ.ഐ.എ ഉപയോഗപ്പെടുത്തി. ഡൽഹി സ്‌ഫോടന അന്വേഷണ ഉത്തരവാദിത്വം ലഭിച്ചതും അങ്ങനെ. കഴിഞ്ഞ സെപ്‌തംബറിലാണ് എൻ.ഐ.എയിൽ അഡിഷണൽ ഡയറക്‌ടർ ജനറലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |