
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരകൾ നടത്താൻ പദ്ധതിയിട്ടിരുന്നു എന്നും ഇതിനായി സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പുറത്തുവന്നു. ഇതോടെ എന്താണ് സിഗ്നൽ ആപ്പ് എന്നറിയാനുള്ള അന്വേഷണത്തിലാണ് ഒട്ടുമുക്കാൽപ്പേരും. തീവ്രവാദികൾക്കും ഇഷ്ടം തോന്നാൻ ഇടയാക്കിയ കാരണങ്ങൾ എന്തെന്നും അവർക്ക് അറിയണം. ആദ്യമേ പറയട്ടേ കക്ഷി അത്ര പുതിയ ആളല്ല. ലോകത്തെ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിന് പകരക്കാരനായി എത്തിയതാണ് സിഗ്നൽ ആപ്പ്. വാട്സാപ്പിന്റെ ചില നയംമാറ്റങ്ങളിൽ കലിപൂണ്ട ഉപഭോക്താക്കളാണ് സിഗ്നൽ ആപ്പിലേക്ക് തള്ളിക്കയറിയത്. അപ്രതീക്ഷിതമായി ഉപഭോക്താക്കൾ കുതിച്ചെത്തിയതോടെ സിഗ്നൽ ആപ്പ് പണിമുടക്കിയത് കുറച്ചുനാൾ മുമ്പ് വൻ വാർത്തയായതാണ്. വാട്‌സാപ്പ് ഉൾപ്പെടെയുള്ളവയ്ക്ക് ഇല്ലാത്ത ചില പ്രത്യേകതകളാണ് സിഗ്നൽ ആപ്പിനെ ജനപ്രിയമാക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
സുരക്ഷയ്ക്ക് സ്ക്രീൻ ലോക്ക്
സ്ക്രീൻ ലോക്ക് സംവിധാനമാണ് സിഗ്നൽ ആപ്പിന്റെ ഏറ്റവും പ്രധാന ബോണസ് മാർക്ക്. സിഗ്നൽ ആപ്പുള്ള നമ്മുടെ ഫാേൺ കളഞ്ഞുപോയി. അത് മറ്റൊരാൾക്ക് കിട്ടി. അത് അൺലോക്കാവാനും അയാൾക്കായി. സാധാരണഗതിയിൽ ഫോണിലെ വാട്‌സാപ്പ് ഉൾപ്പെടെയുള്ള എല്ലാ സോഷ്യൽമീഡിയ ആപ്പുകളും അയാൾക്ക് കാണാനും സന്ദേശങ്ങൾ വായിക്കാനും കഴിയും (സോഷ്യൽ മീഡിയയിൽ പ്രത്യേക പാസ്‌വേഡ് ഇട്ടിട്ടില്ലെങ്കിൽ). എന്നാൽ ഫോൺ അൺലോക്കായാലും സിഗ്നൽ ആപ്പ് തുറക്കാൻ കഴിയില്ല. അതിന് പിൻകോടും ബയോ മെട്രിക് ലോക്കും നിർബന്ധമാണ്.
അനാവശ്യ മെസേജുകൾ പടിക്കുപുറത്ത്
അനാവശ്യമെസേജുകൾ ഇടയ്ക്കിടെ വരുന്നത് വാട്സാപ്പ് ഉപഭോക്താക്കളെ വല്ലാതെ വലയ്ക്കുന്നുണ്ട്. എന്നാൽ സിഗ്നൽ ഇവയെ പഠിക്കുപുറത്താക്കും. ഇത്തരം അനാവശ്യ മെസേജുകൾ ഒഴിവാക്കാൻ സിഗ്നൽ ആപ്പിലെ സെറ്റിംഗ്‌സിലെ നോട്ടിഫിക്കേഷനിൽ ടോഗിൾ കോൺടാക്ട് ജോയിൻഡ് സിഗ്നൽ ഓഫാക്കിയാൽ മതി. പിന്നെ ഒരിക്കലും ഇത്തരം മെസേജുകൾ ഫോണിലേക്ക് എത്തില്ല.
മറ്റൊരാൾ അയച്ച മെസേജുകൾ (വീഡിയോയും ഓഡിയോയുമല്ലാത്തവ) സ്വീകർത്താവിന് വീണ്ടും കാണാനാവും. ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞുവേണമെങ്കിലും മെസേജുകൾ കാണാനാവും. എന്നാൽ ഒരിക്കൽ മാത്രമേ ഇത് കാണാനാവൂ. കണ്ടുകഴിഞ്ഞാൽ അത് തനിയെ അപ്രത്യക്ഷമാവുകയും ചെയ്യും.
മുഖം ബ്ലർ ആക്കാം
സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റുചെയ്യുമ്പോൾ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നമാണ് അനുവാദം കൂടാതെ മറ്റുള്ളവരുടെ മുഖം ഇന്റർനെറ്റിൽ പങ്കുവയ്ക്കപ്പെടുന്നു എന്നത്. എന്നാൽ സിഗ്നൽ ആപ്പിൽ ഇത്തരമൊരു പ്രശ്നം ഉണ്ടാകുന്നില്ല. അയയ്ക്കുന്ന ഫോട്ടാേയിലെ ഒരു വ്യക്തിയുടെ മുഖം, രേഖകളിലെ ചില ഭാഗങ്ങൾ എന്നിവ മറച്ചുവയ്ക്കണമെങ്കിൽ അതിനുളള എളുപ്പവഴി സിഗ്നൽ ആപ്പിലുണ്ട്. ഫോട്ടോസ് അയയ്ക്കുമ്പോൾ വരുന്ന ടോഗിൾ ബ്ലർ ഫേസസ് എന്ന ഓപ്ഷനാണ് ഇതിന് സഹായിക്കുന്നത്. ഇത്തരമൊരു ഓപ്ഷനുള്ളതിനാൽ തന്നെ രഹസ്യരേഖകൾ സിഗ്നൽ ആപ്പിൽ സുരക്ഷിതമാണ്. ഇതായിരിക്കാം സിഗ്നലിനെ തീവ്രവാദികളുടെ പ്രിയപ്പെട്ടതാക്കുന്നത്.
തുടക്കം 2014ൽ
2014ലാണ് സിഗ്നൽ ആപ്പ് പ്രവർത്തനം തുടങ്ങിയത്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസഞ്ചർ എൽഎൽസി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതതിലുള്ളതാണ് സിഗ്നൽ ആപ്പ്. വർഷങ്ങൾക്കുമുമ്പ് തുടങ്ങിയതാണെങ്കിലും കേരളത്തിൽ ഇപ്പോഴും അത്ര ഹിറ്റല്ല. ഓപ്പൺ സോഴ്സ് സോഫ്ട‌്‌വെയർ ഉപയോഗിച്ചാണ് സിഗ്നൽ ആപ്പ് തയ്യാറായാക്കിയിരിക്കുന്നത്. അതിനാൽ ആപ്പിന്റെ ഓപ്പൺസോഴ്സ് കോഡ് ആർക്കും പരിശോധിക്കാം. ഇതുകൊണ്ട് കമ്പനിയുടെ രഹസ്യ ഇടപെടൽ ഒഴിവാക്കുകയും സ്വകാര്യത ഏറെ സംരക്ഷിക്കപ്പെടുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |