
മരണം ആരെയും എപ്പോഴും തേടിവരാം. ആരോഗ്യവാന്മാർ പോലും കുഴഞ്ഞുവീണ് നിമിഷനേരകൊണ്ട് മരിക്കുന്ന സംഭവങ്ങൾ മാദ്ധ്യമങ്ങൾ വഴി നാം കേട്ടിട്ടുണ്ട്. ഇതോടൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ ആളുകൾ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്. പലരും ഇത്തരം മരണത്തെ നല്ല മരണമെന്ന് വിശേഷിപ്പിക്കുന്നത് നാം കേട്ടിട്ടുണ്ട്.
എന്നാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ഫലമാണെന്ന് വിദഗ്ധർ പറയുന്നു. കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉറക്കത്തിൽ നിന്ന് മരണത്തിലേക്ക് തള്ളിയിടുന്നത്. ഇത്തരം മരണം തലച്ചോർ, ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതെ കുറിച്ച് വിശദമായി പരിശോധിക്കാം.
ഹൃദയാഘാതം
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉറക്കത്തിനിടെ മരിക്കുന്നത് സഡൻ കാർഡിയാക് അറസ്റ്റാണ് (എസ്‌സിഎ) കാരണമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഉറക്കത്തിനിടെ ഹൃദയമിടിപ്പ് നിൽക്കുന്ന അവസ്ഥയാണിത്. കൊറോണറി ആർട്ടറി ഡിസീസ്, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയ വാൽവിന് തകരാർ എന്നിവ മൂലമാണ് സഡൻ കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നതെന്ന് ഡൽഹി കാർഡിയോളജിസ്റ്റ് ഡോ പ്രമോദ് കുമാർ പറയുന്നു.

'ഹൃദയരോഗം കൃത്യസമയത്ത് കണ്ടെത്തുകയും രോഗി പതിവായി പരിശോധനകൾ നടത്തുകയും ചെയ്താൽ ഉറക്കത്തിലെ ഹൃദയസ്‌തംഭനം മൂലമുള്ള മരണസാദ്ധ്യത കുറയ്ക്കാൻ കഴിയും'- പ്രമോദ് കുമാർ വ്യക്തമാക്കി. പുറമെ പൂർണ ആരോഗ്യത്തോടെ കാണപ്പെടുന്നവർക്ക് പോലും ഉള്ളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. പ്രമേഹം, രക്താതിസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, വ്യായാമമില്ലായ്മ, അമിതമായ ശരീരഭാരം, പുകവലി, മദ്യപാനം എന്നിവയുള്ളവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒഎസ്‌എ)
ഉറങ്ങുമ്പോൾ ശ്വസനം ഇടയ്ക്ക് നിലയ്ക്കുന്ന അവസ്ഥയാണിത്. ഉറക്കത്തിനിടെ ശ്വാസമെടുക്കാനുള്ള സിഗ്നലുകൾ വേണ്ടവിധം നൽകാൻ തലച്ചോറിന് കഴിയാതാവുന്നതാണ് സ്ലിപ് അപ്നിയ. ഇത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനും ഹൃദയത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ആസ്ത്മ അറ്റാക്ക്, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ. മധുമാല പറയുന്നു. ഹെറോയിൻ പോലെയുള്ള ശക്തിയേറിയ സെെക്കോആക്റ്റീവ് ലഹരി വസ്തുക്കൾ ഉപയോഗിച്ചശേഷം കിടന്നുറങ്ങുന്നവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ലഹരിയിൽ ലയിച്ചുറങ്ങുമ്പോൾ കൃത്യമായ നിർദേശങ്ങൾ ശരീരത്തിന് നൽകാൻ തലച്ചോറിന് കഴിയാതെ വരാം. ഇതാണ് മരണത്തിന് കാരണമാകുന്നത്.

പ്രമേഹം
രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് (ഹെെപ്പോദ്ലെെസീമിയ) മൂലം ടെെപ്പ് 1 പ്രമേഹ രോഗികൾ പെട്ടെന്ന് മരിക്കാനിടയുണ്ട്. ഇതിനെ 'ഡെഡ് ഇൻ ബെഡ് സിൻഡ്രോം' എന്ന് വിളിക്കുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ് രോഗികൾ പഞ്ചസാരയുടെ അളവ് പരിശോധിച്ച് ഡോക്ടറുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇൻസുലിൻ ഉപയോഗിക്കേണ്ടതാണ്.
പക്ഷാഘാതവും മറ്റ് പ്രശ്നങ്ങളും
ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ തലച്ചേറിലെ അന്യൂറിസം (അന്യൂറിസം എന്നത് രക്തക്കുഴലുകളുടെ ഭിത്തിയിൽ ഉണ്ടാകുന്ന ഒരു വീക്കമാണ്) എന്നിവ രാത്രിയിൽ പക്ഷാഘാതത്തിന് കാരണമാകുമെന്ന് ന്യൂറോളജിസ്റ്റ് ഡോ. സഞ്ജയ് വർമ്മ പറയുന്നു. ഉയർന്ന് രക്തസമ്മർദ്ദം നിയന്ത്രിത്തിലാക്കുക, കൊളസ്ട്രോൾ ശ്രദ്ധിക്കുക, പതിവായ ആരോഗ്യ പരിശോധന എന്നിവയിലൂടെ പക്ഷാഘാതം ഒഴിവാക്കാൻ കഴിയുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

സിഒപിഡി (Chronic Obstructive Pulmonary Disease), കടുത്ത ആസ്‌ത്മ, ശ്വാസകോശ അണുബാധകൾ എന്നിവ ഉറക്കത്തിൽ ശ്വാസന പ്രശ്നങ്ങൾക്ക് കാരണമാകും. അത്തരം രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി മരുന്ന് കഴിക്കുകയും ഇൻഹേലറുകൾ ഉപയോഗിക്കുകയും വേണമെന്ന് ഡോ. സഞ്ജയ് വർമ്മ വ്യക്തമാക്കുന്നു.
പുകവലി, മദ്യപാനം, പൊണ്ണത്തടി. ക്രമമില്ലാത്ത ഉറക്കം എന്നിവ ഹൃദയ, ശ്വാസകോശ രോഗങ്ങളുുടെ സാദ്ധ്യത വർദ്ധിപ്പിക്കുകയും ഉറക്കത്തിൽ മരണസാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഡോക്ടർമാർ പറയുന്നു. ഉറക്കത്തിലെ മരണം ഒരിക്കലും അപ്രതീക്ഷമായി സംഭവിക്കുന്ന ഒന്നല്ല. അത് ശരീരത്തിൽ മറഞ്ഞിരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്. ഒരുപക്ഷേ കൃത്യമായ പരിശോധനങ്ങൾ നടത്തിയാൽ ഈ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |