
ബോളിവുഡിൽ ഉൾപ്പെടെ വിവിധ ഭാഷകളിൽ അഭിനയിച്ച മലയാളിയായ നടിയാണ് ശ്വേതാ മേനോൻ. അടുത്തിടെയാണ് മലയാള സിനിമാതാരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങൾ താരം ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്വേത ആർത്തവസമയത്ത് അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞത്.
'വർഷങ്ങൾക്ക് മുൻപ് മുംബയിൽ ഞാനൊരു പെർഫ്യൂമിന്റെ പരസ്യം ചെയ്യാൻ പോയിരുന്നു. ഒരു പാർട്ടിയിലേക്ക് പെർഫ്യൂം അടിച്ച് ഞാൻ പോകുകയും ആളുകൾ വൗ എന്ന് പറയുകയും ചെയ്യുന്നതായിരുന്നു പരസ്യം. ഈ പെർഫ്യൂം ഉണ്ടെങ്കിൽ ഒന്നും ധരിക്കേണ്ട എന്നാണ് പരസ്യത്തിന്റെ ആശയം. ഞാൻ അതിൽ നഗ്നയായതുപോലെ അഭിനയിക്കണം. സ്കിൻ കളർ പോലെയുള്ള ബോഡി സ്യൂട്ട് ധരിക്കണം. നിർഭാഗ്യവശാൽ എനിക്ക് പീരിയഡ്സായി. വയർ കുറച്ച് വീർത്തിരുന്നു. ഞാൻ ബോഡി സ്യൂട്ട് ധരിച്ചു. എന്നെ സംവിധായകൻ വിളിച്ചു.
നോക്കൂ, കുറച്ച് വയറുണ്ട് എന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന് അതുകേട്ടപ്പോൾ ലജ്ജതോന്നി. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. എന്നോട് ഒരു പെൺകുട്ടിയും ഇങ്ങനെ സംസാരിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങൾ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. അതുകേട്ടപ്പോൾ തന്നെ ഞാൻ സംവിധായകന് മറുപടി നൽകി. നിങ്ങൾ സംവിധായകനാണ്. ആണാണോ പെണ്ണാണോ എന്നല്ല. സംവിധായകനാണ്. അതിനാൽ ഞാൻ തുറന്ന് പറയണം. പിരീയഡ്സ് ആയതിനാൽ ഞാൻ ബ്ലോട്ടഡ് ആണെന്ന് പറഞ്ഞു.
മോഹൻലാൽ നായകനായെത്തിയ കാക്കക്കുയിൽ എന്ന സിനിമയിൽ ആലാരേ ഗോവിന്ദ എന്ന ഡാൻസ് നമ്പർ ചെയ്യുമ്പോൾ ആദ്യ ദിവസം തന്നെ എനിക്ക് പിരീയഡ്സ് ആയി. ഒമ്പത് മണിക്കായിരുന്നു ഷിഫ്റ്റ്. 12.30 നാണ് ഞാൻ എത്തിയത്. സംവിധായകൻ പ്രിയനോട് എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു. മരുന്ന് വേണം, ഡോക്ടർ വേണമെന്നെല്ലാം പറഞ്ഞു. ഇഞ്ചക്ഷനെടുത്ത ശേഷമാണ് ഞാൻ ലൊക്കേഷനിലേക്ക് പോയത്. ഞാൻ ആരായാലും അവരോട് തുറന്നുപറയുന്ന ആളാണ്. എന്റെ അച്ഛൻ എനിക്ക് ആദ്യം പിരീയഡ്സ് വന്ന സമയത്ത് തന്നെ സാനിറ്ററി നാപ്കിൻ പോയി വാങ്ങെന്ന് പഠിപ്പിച്ച ആളാണ്'-ശ്വേത മേനോൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |