
കോട്ടയം: എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സണുമായ ലതികാ സുഭാഷ് തിരുനക്കര വാർഡിൽനിന്ന് മത്സരിക്കുന്നു. കോട്ടയം നഗരസഭയിലേക്ക് എൽ.ഡി.എഫിൽനിന്ന്, എൻ.സി.പിക്കു ലഭിച്ച ഏക സീറ്റാണിത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചതിന് കെ.പി.സി.സി ആസ്ഥാനത്തിനു മുന്നിൽ തല മുണ്ഡനം ചെയ്ത് വേറിട്ട പ്രതിഷേധം പ്രകടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. തുടർന്ന് കോൺഗ്രസ് റിബലായി ഏറ്റുമാനൂരിൽ മത്സരിച്ച് കാൽലക്ഷത്തോളം വോട്ട് നേടി. നേരത്തേ മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.
കെ.എസ്.യു കോളേജ് യൂണിയൻ കൗൺസിലറായിരുന്നപ്പോൾ എൽ.ഐ.സി ഏജന്റായി. പിന്നീട് പാരലൽ കോളേജ് അദ്ധ്യാപികയും പത്രപ്രവർത്തകയുമായി. മഹാത്മാ എന്ന പേരിൽ ഡ്രൈവിംഗ് സ്കൂൾ നടത്തി. കോട്ടയം ജില്ല കൗൺസിൽ അംഗം,കോട്ടയം ജില്ല പഞ്ചായത്ത് ആദ്യ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
എം.എയും ജേർണലിസത്തിൽ പി.ജി ഡിപ്ലോമയുമുണ്ട്. കഥപോലെ ജീവിതം, അണ്ണാറക്കണ്ണനും കൂട്ടുകാരും എന്നീ പുസ്തകങ്ങൾ രചിച്ചു. ലതികാസ് കിച്ചൺ എന്ന ബ്രാൻഡിൽ ഉപ്പേരിയും ശർക്കരവരട്ടിയുമുണ്ടാക്കി വനിതകൾക്ക് തൊഴിൽ നൽകി. എറണാകുളം ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എൻ.സി.പി സംസ്ഥാന സെക്രട്ടറിയുമായ കെ.ആർ. സുഭാഷാണ് ഭർത്താവ്. ഫോട്ടോഗ്രാഫറായ മകൻ ബ്രഹ്മദത്തൻ ഭാര്യ നീരജ ഭാർഗവിയുമൊത്ത് സിംഗപ്പൂരിലാണ്.
സ്ഥാനാർത്ഥിയായിക്കോ;
പക്ഷേ, കണക്ക് നിർബന്ധം
ഷാബിൽ ബഷീർ
വരവുചെലവ് കണക്ക് ഫലം വന്ന് 30 ദിവസത്തിനകം നൽകണം
കഴിഞ്ഞതവണ മത്സരിച്ച 9,009 പേർ അയോഗ്യർ
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരാവേശത്തിന് മത്സരിക്കാൻ ചാടിപ്പുറപ്പെടുന്നവരോട്, ജയിച്ചാലും തോറ്റാലും വരവ് ചെലവ് കണക്ക് സമർപ്പിക്കണം. ഇല്ലെങ്കിൽ അഞ്ചു വർഷത്തേക്ക് സ്ഥാനാർത്ഥി കുപ്പായം മോഹിക്കേണ്ട. തിരഞ്ഞെടുപ്പ് ഫലം വന്ന് 30 ദിവസത്തിനകം കണക്ക് സമർപ്പിച്ചിരിക്കണം.
2020ൽ മത്സരിച്ച 9,009 സ്ഥാനാർത്ഥികൾക്ക് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അയോഗ്യതയുണ്ട്. കൃത്യസമയത്ത് കണക്ക് സമർപ്പിക്കാത്തവരും അപാകതകൾക്ക് തൃപ്തികരമായ വിശദീകരണം നൽകാത്തവരുമാണിവർ.
ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പൽ വാർഡുകളിൽ മത്സരിക്കുന്നവർക്ക് യഥാക്രമം 25,000, 75,000, 1,50,000, 75,000 രൂപയാണ് ചെലവ് പരിധി. അധികം ചെലവഴിച്ചതായി കണ്ടെത്തിയാൽ അയോഗ്യരാക്കും.
ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ ബ്ലോക്ക് സെക്രട്ടറിക്കും ബ്ലോക്കിലെ സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും കണക്ക് സമർപ്പിക്കണം. നഗരസഭ, ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികൾ ജില്ലാ കളക്ടർക്കാണ് നൽകേണ്ടത്. ഇതിന് നിശ്ചിത ഫോറമുണ്ട്.
കൂടുതലും സ്വതന്ത്രർ
ചെലവിന്റെ സ്വഭാവം, ചെലവ് ചെയ്ത തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും മേൽ വിലാസവും, വൗച്ചർ നമ്പർ, ബില്ല് തുടങ്ങിയവ സമർപ്പിക്കണം. സ്വതന്ത്രരായി മത്സരിക്കുന്നവരാണ് കണക്ക് സമർപ്പിക്കാത്തവരിൽ ഏറെയും. പരാജയപ്പെടുന്നതോടെ കണക്ക് സമർപ്പിക്കാൻ മെനക്കെടാറില്ല. ബില്ലുകളുടെ ഒറിജിനൽ സൂക്ഷിക്കണമെന്ന നിർദ്ദേശവും പാലിക്കാറില്ല. പാർട്ടി സ്ഥാനാർത്ഥികളുടെ കണക്ക് സമർപ്പിക്കാൻ പരിശീലനം ലഭിച്ച പ്രവർത്തകരുണ്ട്.
സി.പി.എം പി.ബി തുടങ്ങി
ന്യൂഡൽഹി: അടുത്ത കൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പും ആനുകാലിക സംഭവവികാസങ്ങളും ചർച്ച ചെയ്യുന്ന രണ്ടു ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹി ട്രേഡ് ഫെയറിലെ കേരളാ പവലിയൻ ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.
മുൻ എം.എൽ.എ ഗ്രാമപഞ്ചായത്തിൽ മത്സരിക്കും
പത്തനംതിട്ട: ആറൻമുള മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.സി. രാജഗോപാലൻ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കും. മെഴുവേലി പഞ്ചായത്ത് എട്ടാം വാർഡിലാണ് ജനവിധി തേടുന്നത്. മുമ്പ് മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും 2006 - 2011 കാലയളവിൽ ആറന്മുള എം.എൽ.എയും ആയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം കഴിഞ്ഞ സമ്മേളന കാലയളവിൽ ഒഴിവാക്കപ്പെട്ടിരുന്നു. കടുത്ത വി.എസ്. പക്ഷക്കാരനായ അദ്ദേഹം വി.എസ്. അച്യുതാനന്ദന്റെ ചിത്രത്തോടു കൂടിയ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |