
ഗാബറോണി: തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ നിന്ന് 8 ചീറ്റകളെ ഇന്ത്യയിലേക്കെത്തിക്കും. ഇന്നലെ ബോട്‌സ്വാനയിലെ മൊകോലോഡി നേച്ചർ റിസേർവിൽ രാഷ്ട്രപതി ദ്റൗപദി മുർമുവും ബോട്‌സ്വാന പ്രസിഡന്റ് ഡൂമ ഗിഡിയൻ ബോക്കോയും പങ്കെടുത്ത ചടങ്ങിൽ ചീറ്റകളുടെ പ്രതീകാത്മക കൈമാറ്റം നടന്നു. ഇന്ത്യയുടെ 'പ്രോജക്ട് ചീറ്റ" പദ്ധതിയുടെ ഭാഗമായാണ് ബോട്‌സ്വാന ചീറ്റകളെ കൈമാറുന്നത്. ഗാൻസി മേഖലയിൽ നിന്ന് പിടികൂടിയ ചീറ്റകളെ ഒരുമാസം മൊകോലോഡിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പാർപ്പിച്ച ശേഷം ഡിസംബറിലോ ജനുവരിയിലോ ഇന്ത്യയിലെത്തിക്കും. അതേ സമയം, ബോട്‌സ്വാന പാർലമെന്റിനെ അഭിസംബോധന ചെയ്ത മുർമു, ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു. നാല് ദിവസത്തെ അംഗോള സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ചയാണ് മുർമു ബോട്‌സ്വാനയിൽ എത്തിയത്. ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |