
പുനലൂർ: ദേവസ്വം ബോർഡിനു കീഴിലുള്ള അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ 17ന് നടക്കുന്ന കൊടിയേറ്റോടെ മണ്ഡലകാലത്തിന് തുടക്കമാവും. തുടർന്ന് 41 ദിവസവും വൃശ്ചിക ചിറപ്പും വിളക്കും, ശാസ്താവിന്റെ കളമെഴുത്തും പാട്ടും ഉണ്ടാകും. ക്ഷേത്രത്തിലെ മരാമത്ത് പണികൾ, പെയിന്റിംഗ്, ഇലക്ട്രിക് മെയിന്റനൻസ് എന്നിവ അന്തിമഘട്ടത്തിലാണ്. ശബരിമല സ്‌പെഷ്യൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആർ. ജയകൃഷ്ണൻ ആര്യങ്കാവ്, കുളത്തൂപ്പുഴ, അച്ചൻകോവിൽ ക്ഷേത്രങ്ങൾ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. അച്ചൻകോവിൽ റോഡിന് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.
ഡിസംബർ 16ന് തിരുവാഭരണ ഘോഷയാത്ര പുനലൂർ പുതിയടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് അച്ചൻകോവിലിൽ എത്തുന്നതോടെ ഉത്സവം ആരംഭിക്കും. ഒമ്പതാം ഉത്സവമായ 25ന് രഥോത്സവം, 26ന് ആറാട്ടോടുകൂടി ഉത്സവം, 27ന് മണ്ഡലപൂജയോടെ മണ്ഡലകാലം സമാപിക്കും. നിലവിൽ അവധി ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മണ്ഡലകാലം എത്തുന്നതോടെ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള ശബരിമല തീർത്ഥാടകർ കൂടി എത്തുന്നതോടെ തിരക്ക് ഇരട്ടിയാവും. തമിഴ് നാട്ടിൽ നിന്ന് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തർ കുളത്തൂപ്പുഴ, ആര്യങ്കാവ് ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം അച്ചൻകോവിൽ ക്ഷേത്രത്തിലെത്തിയാണ് ശബരിമലയിലേക്ക് പുറപ്പെടുന്നത്. കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആര്യങ്കാവ് ചെങ്കോട്ട തിരുമല കോവിൽ വഴി അച്ചൻകോവിലേക്ക് ഒരു സർവീസ് അനുവദിക്കണമെന്ന ആവശ്യമുണ്ട്. അച്ചൻകോവിൽ ക്ഷേത്രത്തിൽ വരുന്നവർക്ക് തിരുമല കോവിലിൽ ദർശനം നടത്താൻ ഇത് സഹായകരമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |