
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്കു സമീപം സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമ കോയിൽ ഗ്രാമത്തിലെ വീട് സുരക്ഷാസേന തകർത്തു. വ്യാഴാഴ്ച അർദ്ധരാത്രിക്കും ഇന്നലെ പുലർച്ചെയ്‌ക്കും ഇടയിലായിരുന്നു നിയന്ത്രിത സ‌്‌ഫോടനം. പഹൽഗാം ആക്രമണത്തിലെ ഭീകരരുടെ വീടുകളും ഇത്തരത്തിൽ തകർത്തിരുന്നു.
ജമ്മു കാശ്‌മീരിൽ 65ൽപ്പരം പാക് ഭീകരർ നുഴഞ്ഞുകയറി പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ ഭീകരരാണെന്ന് നിഗമനം. ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ 500ൽപ്പരം ഇടങ്ങളിൽ ജമ്മു കാശ്‌മീർ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. 600ൽപ്പരം പേരെ ചോദ്യം ചെയ്‌തു.
സ്‌ഫോടനത്തെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട 20ൽപ്പരം പേർ അസാമിൽ അറസ്റ്റിലായി. സ്‌ഫോടനപദ്ധതികൾക്കായി വാങ്ങിയെന്ന് സംശയിക്കുന്ന സ്വിഫ്റ്റ് ഡിസയർ കാറിനായി തിരച്ചിൽ തുടരുകയാണ്.
മറ്റൊരു ഡോക്ടറും
കസ്റ്റഡിയിൽ
ഉത്തർപ്രദേശിലെ ഹാപൂരിൽ നിന്ന് ഡോ. ഫാറൂഖ് അഹമ്മദ് ദറിനെയും കാൺപൂരിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥി അഹമ്മദ് ആരിഫ് മിറിനെയും ഭീകരവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. ജമ്മു കാശ്‌മീർ സ്വദേശികളാണ്. അൽ ഫലാ യൂണിവേഴ്സിറ്റിയിലാണ് ഫാറൂഖ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. 2900 കിലോയിൽപ്പരം സ്‌ഫോടകവസ്‌തുക്കൾ പിടികൂടിയതിലെ പ്രതി ഡോ. ഷഹീൻ സയീദുമായി അഹമ്മദ് ആരിഫ് മിർ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി. ആരോപണ നിഴലിലായ ഫരീദാബാദ് അൽ ഫലാ സർവകലാശാലയിലെ മുഴുവൻ രേഖകളും ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. സ്‌ഫോടനമുണ്ടായ നവംബർ 10ന് ഉമർ നബിയുടെ യാത്ര ഡൽഹി പൊലീസ് പുനഃസൃഷ്‌ടിച്ചു. 50ൽപ്പരം ക്യാമറകളിലായി ഷൂട്ട് ചെയ്‌ത് പുനഃസൃഷ്‌ടിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |