
വിപണി മൂല്യം ഒന്നര ലക്ഷം കോടി രൂപ തൊട്ടു
കൊച്ചി: കേരളത്തിലാദ്യമായി ഒന്നര ലക്ഷം കോടി രൂപ വിപണി മൂല്യം കൈവരിച്ച് പ്രമുഖ ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ചരിത്രം കുറിച്ചു. ഇന്നലെ കമ്പനിയുടെ ഓഹരി വില 3,755 രൂപ ഉയർന്നതോടെയാണ് വിപണി മൂല്യത്തിൽ കുതിപ്പുണ്ടായത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 87 ശതമാനം ഉയർന്ന് 2,345 കോടി രൂപയിലെത്തി റെക്കാഡിട്ടതാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്. ഇതോടെ കമ്പനിയുടെ ഓഹരി വില ഇന്നലെ പത്ത് ശതമാനത്തിനടുത്ത് കുതിച്ചു.
രാജ്യത്തെ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ അറുപതാം സ്ഥാനത്തേക്ക് മുത്തൂറ്റ് ഫിനാൻസ് ഇതോടെ ഉയർന്നു. ടാറ്റ മോട്ടോർസ്, ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ കമ്പനികളെയെല്ലാം പിന്നിലാക്കിയാണ് മുത്തൂറ്റ് ഫിനാൻസ് കുതിക്കുന്നത്. 2023 മാർച്ചിൽ 900 രൂപ വരെ താഴ്ന്നതിന് ശേഷമാണ് തുടർച്ചയായി കമ്പനിയുടെ ഓഹരി വില പറന്നുയർന്നത്.
അനുകൂല ഘടകങ്ങൾ
1. സ്വർണ വില കുതിച്ചതോടെ വായ്പാ വിതരണത്തിൽ ഗണ്യമായ വർദ്ധന
2. 7,300ൽ അധികം ശാഖകളിലൂടെ വിപുലമായ ധനകാര്യ സേവനങ്ങൾ
3. സ്വർണ പണയ വിപണിയിൽ നൂറ് വർഷത്തിലധികം പരിചയ സമ്പത്ത്
4. ഉപഭോക്താക്കളുടെ വിശ്വാസവും മികച്ച ബ്രാൻഡിംഗ് നടപടികളും
കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി
1,47,673 കോടി രൂപ
സ്വർണ പണയ വായ്പയിൽ പ്രതീക്ഷിക്കുന്ന വളർച്ച
30-35 ശതമാനം
കേരളത്തിലെ വമ്പൻമാർ
കമ്പനി വിപണി മൂല്യം
മുത്തൂറ്റ് ഫിനാൻസ് : 149,571 കോടി രൂപ
ഫാക്‌ട് : 59,177 കോടി രൂപ
ഫെഡറൽ ബാങ്ക് : 58,124 കോടി രൂപ
കല്യാൺ ജുവലേഴ്‌സ്: 51,163 കോടി രൂപ
കൊച്ചിൻ ഷിപ്പ്‌യാർഡ്: 45,389 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |