
തിരുവനന്തപുരം: സർവീസിലുള്ള അദ്ധ്യാപകരിൽ അദ്ധ്യാപക യോഗ്യതാ പരീക്ഷ (കെ- ടെറ്റ്) നേടാത്തവർക്ക് 2026 ഫെബ്രുവരിയിൽ പ്രത്യേക കെ- ടെറ്റ് പരീക്ഷ നടത്താൻ ധാരണ. മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. 65,000 ത്തോളം അദ്ധ്യാപകരാണ് പരീക്ഷ എഴുതേണ്ടത്.
വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ) പ്രകാരമുള്ള ടെറ്റിന് മുൻകാലപ്രാബല്യം കണക്കാക്കി സുപ്രീംകോടതി വിധി വന്നിരുന്നു. അഞ്ചു വർഷത്തിലധികം സർവീസുള്ള രാജ്യത്തെ മുഴുവൻ അദ്ധ്യാപകരും 2027 സെപ്‌തംബർ 1ന് മുമ്പ് ടെറ്റ് യോഗ്യത നേടണമെന്നാണ് സുപ്രീംകോടതി വിധി. അല്ലാത്തവർക്ക് നിർബന്ധിത വിരമിക്കൽ നൽകണമെന്ന സാഹചര്യത്തിലാണ് പ്രത്യേക പരീക്ഷ.
പുനഃപരിശോധനാ ഹർജ്ജി നൽകും
സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയിൽ അപ്പീൽ സാദ്ധ്യമാകാത്തതിനാലാണ് റിവ്യു ഹർജി നൽകുന്നത്. ഇതിനെതിരെ അദ്ധ്യാപകർ സർക്കാരിനെ സമീപിച്ചതോടെയാണ് നിയമ നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.
2012 മുതൽ കെ ടെറ്റ് നിർബന്ധം
2011 ഏപ്രിൽ 30 മുതലാണ് കേരളത്തിൽ ആർ.ടി.ഇ നടപ്പിലാക്കിയത്. 2012 മുതൽ നിയമിക്കപ്പെട്ടവർക്ക് കെ ടെറ്റ് നിർബന്ധമാക്കുകയും ചെയ്‌തു. സംസ്ഥാനത്ത് ഇളവ് അനുവദിച്ചിരുന്നതിനാൽ 2012ന് മുമ്പ് ജോലിയിൽ പ്രവേശിച്ചവർ എഴുതിയിരുന്നില്ല. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലാണ് ടെറ്റ് നിഷ്‌കർഷിക്കപ്പെട്ടത്. നിയമം വരുന്നതിന് മുമ്പ് ജോലിയിൽ പ്രവേശിച്ചവരും ടെറ്റ് നേടണമെന്ന് ആർ.ടി.ഇ പറയുന്നു. തുടർന്ന് 2017ൽ ഭേദഗതിയിലൂടെ ഇത്തരം അദ്ധ്യാപകരെ പിരിച്ചു വിടുമെന്നും വ്യക്തമാക്കി.
കോടതിയിൽ കേസുകൾ നൽകിയിരുന്നു. മാർച്ചിൽ ഹെഡ് മാസ്റ്ററുകൾ റിട്ടേർഡ് ആകുമ്പോൾ സ്ഥാനക്കായറ്റം അടക്കം പ്രതിസന്ധിയിലാകും. അദ്ധ്യാപകരുടെ ജോലി സംരക്ഷണം ആവശ്യപ്പെട്ട് കെ.എസ്.ടി.എ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പ്രത്യേക പരീക്ഷ നടത്തണമെന്നായിരുന്നു ആവശ്യം. നിലവിലെ തീരുമാനം സന്തോഷം നൽകുന്നു
ടി.കെ.എ ഷാഫി
ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |