
ബംഗളൂരു: കന്നടയിൽ സാലുമരദ എന്നാൽ മരങ്ങളുടെ നിര എന്നർത്ഥം. അങ്ങനെ സാലുമരദ എന്ന് ജനം സ്നേഹത്തോടെ വിളിച്ച, വൃക്ഷമാതാവ് എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക വിട പറഞ്ഞു. 114-ാം വയസിൽ. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബിയിലാണ് ജനനം. അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടില്ല. എന്നാൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ അടിസ്ഥാന പ്രതീകമായി മാറി തിമ്മക്ക.
വൃക്ഷങ്ങളെ സ്വന്തം മക്കളെപോലെ നട്ടുവളർത്തിയ തിമ്മക്കയെ 2019ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. അന്ന് ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചത് വാർത്തയായിരുന്നു.
ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് തിമ്മക്ക വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. ഇതിന്റെ ദുഃഖം മറക്കാനാണ് വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കാനും സ്വന്തം മക്കളെ പോലെ വളർത്താനും തീരുമാനിച്ചത്. അത് പരിസ്ഥിതിയുമായുള്ള ആഴത്തിലുള്ള ബന്ധമായി. കുഡൂർ- ഹൂളിക്കൽ സംസ്ഥാനപാതയിൽ 4.5 കിലോമീറ്ററിൽ ഇരുവരും 385 പേരാലുകളാണ് നട്ടുവളർത്തിയത്. പദ്മശ്രീക്ക് പുറമെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (1997), നാഷണൽ സിറ്റിസൺ അവാർഡ് (1995), 2010 ൽ ഹംപി സർവകലാശാലയുടെ നാദോജ അവാർഡ് തുടങ്ങി നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും തിമ്മക്കയെ തേടിയെത്തി. രാഷ്ട്രീയ നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.
പരിസ്ഥിതിയോടുള്ള അവരുടെ സ്‌നേഹം അവരെ അമരയാക്കി. അഗാധമായ ദുഃഖം
സിദ്ധരാമയ്യ
കർണാടക മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |