
മുംബയ്: ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരിലൊരാളായ കാമിനി കൗശൽ (98) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി മുംബയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡിൽ തിളങ്ങിയ അവർ പുതുതലമുറയുടെയും പ്രിയം പിടിച്ചുപറ്റിയാണ് യാത്രയാകുന്നത്.
1927 ഫെബ്രുവരി 24ന് ലാഹോറിലാണ് ജനനം. ഉമ കശ്യപ് എന്നാണ് യഥാർത്ഥ പേര്. ഇന്ത്യൻ ബ്രയോളജിയുടെ പിതാവായി അറിയപ്പെടുന്ന പ്രശസ്ത സസ്യശാസ്ത്രജ്ഞൻ പ്രൊഫ. ശിവ് റാം കശ്യപാണ് പിതാവ്. 1946ൽ ചേതൻ ആനന്ദ് സംവിധാനം ചെയ്ത 'നീച നഗർ" എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ആദ്യ കാൻ ഫിലിംഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാം ഡിഓർ ( അന്ന് ഗ്രാൻഡ് പ്രീ എന്നായിരുന്നു) നീച നഗർ അടക്കം 11 സിനിമകൾക്കാണ് ലഭിച്ചത്. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യപ്പെട്ടില്ല. പാം ഡിഓർ നേടിയ ഏക ഇന്ത്യൻ സിനിമയാണിത്.
ദോ ബായ്, ഷഹീദ്, സിദ്ധി, ശബ്നം, ബഡേ സർക്കാർ, ജയിലർ, ആർസൂ, നദിയാ കെ പാർ, പരാസ്, നമൂന തുടങ്ങി ഒട്ടനവധി സിനിമകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. ബിരാജ് ബാഹു (1954) എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി.
പിന്നീട് ക്യാരക്ടർ റോളുകളിലേക്ക് ചുവടുമാറി. സമീപകാലത്തിറങ്ങിയ കബീർ സിംഗ് (2019), ലാൽ സിംഗ് ഛദ്ദ (2022) തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ഒരുകാലത്ത് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായിരുന്നു. പരേതനായ ബ്രഹാം എസ്. സൂദാണ് ഭർത്താവ്. ശ്രാവൺ, രാഹുൽ, വിദുർ എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |