
പാട്ന: ആരോഗ്യകാരണത്താൽ വിടവാങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടയിലും വികസന നായകൻ മുഖ്യമന്ത്രി നിതീഷ് കുമാന്റെ നേതൃത്വത്തിന് നൽകിയ വിധിയെഴുത്താണ് ബീഹാറിലെ എൻ.ഡി.എയുടെ ജയം. മുന്നണികൾ വാഗ്ദാനപെരുമഴയുമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ നടപ്പാക്കിയ ചരിത്രമുള്ള നിതീഷിനൊപ്പമായിരുന്നു ബീഹാർ.
മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നിതീഷ് ഇക്കുറി വിട്ടുവീഴ്‌ച ചെയ്‌തിട്ടും ജനം കൈവിട്ടില്ല. മുഖ്യമന്ത്രി പദത്തിൽ 20 വർഷമായിട്ടും നിതീഷിന്റെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന് അടിവരയിടുന്നതാണിത്. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്‌ക്കാൻ (101) തയ്യാറായിട്ടും ജെ.ഡി.യുടെ പ്രകടനം ഇതു ശരിവയ്‌ക്കുന്നു. 101 സീറ്റിൽ മത്സരിച്ച് 84 സീറ്റിൽ മുന്നേറിയ ജെ.ഡി.യുവിന് ഭരണവിരുദ്ധ തരംഗത്തിൽ അടിത്തറ നഷ്‌ടമായില്ല. 2020ൽ 115 സീറ്റിൽ മത്സരിച്ച് 43 സീറ്റിലൊതുങ്ങിയിരുന്നു.
വിദ്യാഭ്യാസം,ആരോഗ്യം,വൈദ്യുതി,സ്‌ത്രീ സുരക്ഷ,ക്രമസമാധാനം തുടങ്ങിയ മേഖലകളിലെ മാറ്റങ്ങളും മദ്യ നിരോധനം ഉൾപ്പെടെ സ്‌ത്രീവോട്ടർമാരുടെ പിന്തുണ നിതീഷിന് ഉറപ്പാക്കാനായി. സ്‌ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000രൂപ നേരിട്ടെത്തിച്ച വനിതാ റോസ്ഗാർ യോജ്‌നയും തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌ത വനിതാ വോട്ടർമാരുടെ എണ്ണത്തിലെ വർദ്ധനവും ജെ.ഡി.യുവിന്റെയും എൻ.ഡി.എ ജയത്തിലും നിർണായകമായി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചില്ലെങ്കിലും നിതീഷ് തിരഞ്ഞെടുപ്പിൽ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും വ്യക്തമാക്കിയത് ജനപിന്തുണയുടെ അളവറിഞ്ഞുകൊണ്ടാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |