
വാഷിംഗ്ടൺ: 1937ൽ പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് അപ്രത്യക്ഷമായ അമേലിയ എയർഹാർട്ടുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ ഫയലുകളും പുറത്തുവിടാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം. സെപ്തംബറിലാണ് ട്രംപ് ഇതുസംബന്ധിച്ച് ഉത്തരവ് ഫെഡറൽ ഉദ്യോഗസ്ഥർക്ക് നൽകിയത്. ഇന്നോ നാളെയോ തന്നെ ആദ്യ ബാച്ച് ഫയലുകൾ പുറത്തുവിടുമെന്നാണ് വിവരം. അമേലിയയ്ക്കായി സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടുകളും അമേലിയ അവസാനമായി സഞ്ചരിച്ച പാതയുടെ ഭൂപടം, സന്ദേശങ്ങൾ, അന്വേഷണത്തിനിടെ ലഭിച്ച വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിടും.
അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ഒറ്റയ്‌ക്ക് പറന്ന ആദ്യ വനിതാ പൈലറ്റാണ് അമേലിയ എയർഹാർട്ട്. പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ലോകത്തെ 16ാമത്തെ സ്ത്രീയായിരുന്ന അമേലിയ 1928ലാണ് അറ്റ്ലാന്റികിന് മുകളിലൂടെ പറന്നത്. അന്ന് രണ്ട് പൈലറ്റുമാർ അമേലിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷമാണ് അമേലിയ ഒറ്റയ്ക്ക് അറ്റ്ലാന്റികിന് മുകളിലൂടെ പറന്ന് റെക്കാഡ് സ്ഥാപിച്ചത്.
1937 മാർച്ച് 17ന് 39ാം വയസിൽ ലോകം ചുറ്റുന്ന ആദ്യ വനിതാ പൈലറ്റ് എന്ന ലക്ഷ്യം സ്വന്തമാക്കാൻ വിമാനത്തിൽ യാത്ര ആരംഭിച്ച അമേലിയ അപ്രത്യക്ഷയാവുകയായിരുന്നു. കാലിഫോർണിയയിൽ നിന്ന് സഹായി ഫ്രെഡ് നൂനാനൊപ്പം ഇലക്ട്ര 10 - ഇ വിമാനത്തിലാണ് അമേലിയ യാത്ര തിരിച്ചത്. പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് ചില തകരാറുകളുണ്ടായ വിമാനത്തെ ഹവായിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് അമേലിയ യാത്ര തുടങ്ങി.
പടിഞ്ഞാറ് ദിശയിലേക്ക് യാത്ര തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കാലാവസ്ഥ മോശമായതിനെ തുടർന്ന് ആഫ്രിക്കയെ ലക്ഷ്യമാക്കി യാത്ര കിഴക്ക് ദിശയിലേക്ക് മാറ്റി. ജൂൺ 29ന് അമേലിയ ന്യൂഗിനി വരെ എത്തി. 7,000 മൈലുകൾ കൂടി താണ്ടിയാൽ യാത്ര വിജയകരമായി പൂർത്തിയാക്കാമായിരുന്നു. എന്നാൽ, ജൂലായ് 2ന് ഓസ്ട്രേലിയയ്ക്കും ഹവായിയ്ക്കും മദ്ധ്യേയുള്ള ഹൗലാൻഡ് ദ്വീപിനടുത്തെത്തിയപ്പോൾ വിമാനത്തിന് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായി. വൈകാതെ അമേരിക്കൻ കോസ്റ്റ് ഗാർഡിന് അമേലിയയുടെ സന്ദേശം ലഭിച്ചു.
തങ്ങളുടെ വിമാനമിപ്പോൾ 1,000 അടി മുകളിലാണെന്നും ഒന്നും കാണാനാകുന്നില്ലെന്നും ഇന്ധനം കുറവാണെന്നും റേഡിയോയിലൂടെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നുമായിരുന്നു സന്ദേശം. ഇതിന് ശേഷം അമേലിയയ്ക്കും വിമാനത്തിനും എന്ത് സംഭവിച്ചെന്ന് ആർക്കുമറിയില്ല. വിമാനത്തിന്റെ ഇന്ധനം തീർന്ന് കടലിൽ പതിച്ചിരിക്കാമെന്നാണ് കരുതുന്നത്. 1939 ജനുവരിയിൽ അമേലിയ മരിച്ചിരിക്കാമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |