
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ അദ്ധ്വാനം തിട്ടപ്പെടുത്തുന്നതിൽ പിശകെന്ന് ആക്ഷേപം.
റോഡ് നിർമ്മാണം,കെട്ടിടം പണി അടക്കമുള്ള സിവിൽ വർക്കുകളിൽ ഏർപ്പെടുന്ന അവിദഗ്ധ തൊഴിലാളികൾക്കാണ് നഷ്ടം നേരിടുന്നത് . ഒരു ക്യുബിക് മീറ്റർ പാറവേസ്റ്റ് വിരിക്കാൻ 6.92 രൂപയാണ് ഷെഡ്യൂളിലെ നിലവിലെ റേറ്റ്. അതായത് ഒരു ലോഡ് വിരിക്കാൻ 29.41 രൂപയാണ് കൂലിയായി കണക്കാക്കിയിട്ടുള്ളത്. ഇതിന് ആറു തൊഴിലാളികളുടെ അദ്ധ്വാനം ആവശ്യമാണ്. അതിനാണ് ഇത്രയും ചെറിയ തുക നിശ്ചയിച്ചിരിക്കുന്നത്. സാങ്കേതികമായി ആറ് തൊഴിൽ ദിനമെന്നാണ് രേഖപ്പെടുത്തുന്നത്. മണ്ണ്,ഗ്രാവൽ, മണൽ അടക്കമുള്ളവ നിരത്തുന്നതിലും സമാന പ്രശ്‌നമുണ്ട്. ഈ ജോലികൾക്കെല്ലാം കുറഞ്ഞ റേറ്റ് നിശ്ചയിച്ചതുകാരണം ഓരോ പഞ്ചായത്തിലും രണ്ടായിരം മുതൽ നാലായിരം തൊഴിൽ ദിനങ്ങൾ കുറയുന്നതായാണ് പരാതി.
സോഫ്ട് വെയറിൽ ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ,അതിൽ മാറ്റം വരുത്തിയാലേ കൂലി വ്യത്യാസം വരുത്താൻ കഴിയൂ.
പി.ഡബ്ലിയു.ഡി, എൽ.എസ്.ജി.ഡി വർക്കുകൾ നടപ്പാക്കുന്നത് പ്രൈസ് എന്ന സോഫ് ട് വെയർ വഴിയാണ്. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതാകട്ടെ 'സെക്വർ' സോഫ് ട് വെയർ വഴിയും. ഇവ രണ്ടിലെയും റേറ്റ് തയ്യാറാക്കുന്നതാകട്ടെ സിവിൽ എൻജിനീയർമാരാണ്.
ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ മുതൽ സംസ്ഥാന തല എൻജിനീയർ വരെയുള്ള ആയിരത്തോളം സിവിൽ എൻജിനീയർമാർ ചേർന്നാണ് റേറ്റും ഓരോ പദ്ധതിയുടെയും എസ്റ്റിമേറ്റും തയ്യാറാക്കുന്നത്. റേറ്റിൽ പോരായ്മയുണ്ടെങ്കിൽ തിരുത്തേണ്ടതും സംസ്ഥാന തലത്തിലാണ്.
പോരായ്മ പരിഹരിക്കാൻ തൊഴിലുറപ്പ് പദ്ധതി സ്റ്റേറ്റ് മിഷൻ ഡയറക്ടർ, സ്റ്റേറ്റ് എൻജിനീയർ അടക്കമുള്ളവർക്ക് ആലപ്പുഴ ജില്ലാ ഓംബുഡ്സ്മാൻ ഡോ. സജി മാത്യു നിർദ്ദേശം നൽകിയിരുന്നു .എന്നാൽ നടപടികൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |