
നടി ഹണി റോസ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സിനിമ റേച്ചലിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്ത ചിത്രം അടുത്ത ആറിന് തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടയിൽ ഹണി റോസ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന രീതിയിലാണ് താരം സംസാരിച്ചത്.
'എന്നെ സംബന്ധിച്ച് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്ന ഒരു സിനിമ ചെയ്യാനാണ് ആഗ്രഹം, പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല. ഇത്രയും വർഷമായിട്ടും ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ് . എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ. അതെന്റെ പാഷൻ കൂടിയാണ്'- ഹണി റോസ് പറഞ്ഞു.
ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് റേച്ചലിലെത്തുന്നത്. ബാബുരാജ്, ചന്തു സലിംകുമാര്‍, റോഷന്‍ ബഷീര്‍, രാധികാ രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോൺ , ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്‌ൻമെന്റിന്റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാതൃഭൂമി കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രാഹുൽ മനപ്പാട്ടിന്റെ ഇറച്ചികൊമ്പ് എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |