
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആത്മാവ് എന്താണ്? അത് ആശയ നിലപാടാണെന്ന് മന്ത്രി വി. ശിവൻകുട്ടിക്ക് അറിയില്ലെങ്കിൽ പറഞ്ഞു പഠിപ്പിക്കാനൊന്നും ബിനോയ് വിശ്വം സഖാവിന് സമയമില്ല; മനസുമില്ല. വേണമെങ്കിൽ എം.എ. ബേബിയോടോ, എം.വി. ഗോവിന്ദനോടോ പോയി ചോദിക്കട്ടെ! തിരഞ്ഞെടുപ്പ് വരും, പോകും. പക്ഷേ, തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് നിലപാടിന്റെ ശരി വിട്ടുപോകാനാവില്ല. വല്യേട്ടനായ സി.പി.എമ്മിന്റെ ചവിട്ടും കുത്തും അപമാനവും ഏറെ സഹിച്ചു. ഇനി വയ്യ! സഹികെട്ടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞുപോയത്.
കേന്ദ്രത്തിൽ നിന്ന് എസ്.എസ്.കെ ഫണ്ടിലെ ആയിരം കോടിയോളം രൂപ കേരളത്തിന് നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദി താനായിരിക്കില്ലെന്നും, അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തു കൊള്ളണമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ മുനവച്ച വാക്കുകൾ സി.പി.ഐയെ ഉദ്ദേശിച്ചാണെന്ന് അറിയാൻ പാഴൂർ
പടിപ്പുര വരെ പോകേണ്ടതില്ല. സി.പി.ഐയുടെ സമ്മർദ്ദത്തിനു വഴങ്ങി, സ്കൂളുകളുടെ നവീകരണത്തിനുള്ള പി.എം. ശ്രീ പദ്ധതി തത്കാലം മരവിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കത്തയക്കേണ്ടി വന്നതാണ് ശിവൻകുട്ടിയുടെ രോഷത്തിനു കാരണം.
കത്ത് അയച്ചതാവട്ടെ, മന്ത്രിസഭാ തീരുമാനം രണ്ടാഴ്ച ചവിട്ടിപ്പിച്ച് വച്ചതിനു ശേഷം! അതിന്റെ മറവിൽ എസ്.എസ്.കെ ഫണ്ടിന്റെ ആദ്യ ഗഡു കേന്ദ്രത്തിൽ നിന്ന് ഒപ്പിച്ചെടുത്തു. പിന്നാലെ, ഡൽഹിയിലേക്കു പറന്ന ശിവൻകുട്ടി, കേന്ദ്രമന്ത്രിയെക്കണ്ട് അതിന്റെ ബാക്കി പണം കൂടി ഉറപ്പാക്കി. ഈ രണ്ടാഴ്ചയും സി.പി.ഐയെ തൊടുന്യായങ്ങൾ പറഞ്ഞ് കുപ്പിയിലിറക്കി. നാണംകെട്ടും അതിനോട് ക്ഷമിച്ച സി.പി.ഐക്കാരുടെ നിയന്ത്രണം വിട്ടത് ഗൾഫ് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാണ്. തുടർന്നാണ് കത്ത് വിട്ടത്.
'അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു; എന്നിട്ടും പട്ടിക്ക് മുറുമുറുപ്പോ..." എന്നാണ് സി.പി.ഐക്കാരുടെ ചോദ്യം. കത്തയച്ചത് സി.പി.ഐ നിലപാടിന്റെ വിജയമാണെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശമാണ് ശിവൻകുട്ടിയെ ചൊടിപ്പിച്ചത്. 'ബിനോയ് വിശ്വം പറഞ്ഞ കാര്യങ്ങൾ ആരെ ലക്ഷ്യമിട്ടാണെന്ന് മനസിലാകും. നമ്മളൊന്നും മണ്ടന്മാരല്ലല്ലോ ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്നെങ്കിലും ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് പഠിക്കേണ്ട ഗതികേട് സി.പി.എമ്മിനില്ല!" ശിവൻകുട്ടി അറുത്തുമുറിച്ച് പറഞ്ഞു.
'ഇടതുപക്ഷത്തിന്റെ കാര്യങ്ങൾ സംരക്ഷിക്കാനും ആർ.എസ്.എസിന്റെ വർഗീയ അജൻഡ തടയാനും ഞങ്ങൾ മാത്രമേയുള്ളൂ" എന്ന് ചില കേന്ദ്രങ്ങൾ അവകാശപ്പെടുന്നു എന്നാണ് ശിവൻകുട്ടിയുടെ പരിഹാസം. 'എൽ.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഈ വിഷയം വീണ്ടും കുത്തിപ്പൊക്കാനുള്ള പ്രകോപനമെന്ത്? എസ്.എസ്.കെ. ഫണ്ടിനെയും പി.എം. ശ്രീയെയും കൂട്ടിക്കെട്ടുന്നത് ബി.ജെ.പി അജൻഡയാണ്. പദ്ധതിയിൽ നിന്ന് പിന്മാറിയത് ഇടതുപക്ഷത്തിന്റെ വിജയമാണ്." ശിവൻകുട്ടിയെ തിരുത്തി ബിനോയ് വിശ്വം. 'രാഷ്ട്രീയത്തിൽ ശരിക്കു വേണ്ടി നിലപാട് സ്വീകരിക്കുമ്പോൾ നാളെ മുറിവേൽക്കുമെന്നു ഭയന്ന് നിലപാടിന്റെ ശരി വിട്ടുപോകാൻ സി.പി.ഐയെ കിട്ടില്ല" എന്ന് സി.പി.എമ്മിനിട്ട് ഒരു കൊട്ടും!
എൻ. വാസു അകത്തായി, അടുത്തതാര്? ശബരിമല സ്വർണക്കവർച്ചയിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം അവിടത്തെ ഉദ്യോഗസ്ഥരിലും സ്പോൺസറിലും നിന്ന് ദേവസ്വം ബോർഡ് ഭരണതലത്തിലേക്ക് നീങ്ങവെ, പൊതുവെ ഉയരുന്ന ചോദ്യം ഇങ്ങനെ. സ്വർണപ്പാളികളും വാതിലും കട്ടിളയും ദ്വാരപാലക ശില്പങ്ങളും മറ്റും കടത്തിക്കൊണ്ടുപോയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്ന കക്ഷിയാണ് രണ്ടുതവണ കമ്മിഷണറും, തുടർന്ന് ബോർഡ് പ്രസിഡന്റുമായിരുന്ന 'വാസ്വേട്ടൻ" എന്ന വാസു.
2019-ൽ വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണ് ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ സ്വർണം പൂശാനെന്ന പേരിൽ ഇളക്കിയെടുത്ത് കേരളത്തിനു പുറത്തേക്ക് കടത്താനുള്ള നീക്കങ്ങൾ തുടങ്ങിയതെന്നാണ് കണ്ടെത്തൽ. ശ്രീകോവിൽ വാതിൽ കട്ടിളകളിലെ സ്വർണപ്പാളി ഇളക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അനുമതി തേടി എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാർ വാസുവിന് കത്തു നൽകിയത് 2019 ഫെബ്രുവരി 16ന്. മുമ്പ് സ്വർണം പൂശിയ ചെമ്പ് കട്ടിള എന്നാണ് കത്തിൽ പറഞ്ഞിരുന്നത്.
പക്ഷേ, അനുമതിക്കായി വാസു ദേവസ്വം ബോർഡിനു നൽകിയ കത്തിൽ സ്വർണം പൂശിയത് എന്ന പരാമർശം ഒഴിവാക്കി, ചെമ്പ് പാളിയെന്ന് മാത്രമാക്കി. തന്റെ ഓഫീസിലെ രണ്ട് ഓഫീസർമാരാണ് ഇത്തരത്തിൽ കത്ത് തയ്യാറാക്കിയതെന്നും, അതിൽ താൻ ഒപ്പിടുകയായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വാദം. അപ്പോൾ, കത്ത് വായിച്ചു നോക്കാതെ കണ്ണടച്ചാണോ ഒപ്പിട്ടത്? ഓഫീസർമാരെ അമിത വിശ്വാസമായിരുന്നോ? പച്ചപ്പാവം! നേരത്തേ, വാസു വിജിലൻസ് ട്രൈബ്യൂണൽ ആയിരുന്നപ്പോഴും, മന്ത്രി പി.കെ. ഗുരുദാസന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോഴും ഫയലുകളിൽ ഒപ്പിട്ടിരുന്നത് വായിച്ചു നോക്കാതെയായിരുന്നോ?
2019 നവംബറിൽ വാസു ബോർഡ് പ്രസിഡന്റായ ശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ അദ്ദേഹത്തിന് ലഭിച്ചത്. ശ്രീകോവിലിന്റെ വാതിലിലും ദ്വാരപാലക ശില്പങ്ങളിലും സ്വർണം പൂശിയ ശേഷം കൈയിൽ ബാക്കിയായ സ്വർണം ദേവസ്വം ബോർഡുമായി സഹകരിച്ച് നിർദ്ധന പെൺകുട്ടികളുടെ വിവാഹത്തിന് നൽകുന്നതിൽ അഭിപ്രായം തേടുകയായിരുന്നു. അതിൽ തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെയും റിപ്പോർട്ട് തേടി അദ്ദേഹം കൈയൊഴിഞ്ഞു. പിന്നെ എന്തു സംഭവിച്ചെന്ന് വാസു അന്വേഷിച്ചതുമില്ലെന്നാണ് കണ്ടെത്തൽ.
ബെസ്റ്റ് പ്രസിഡന്റ്! ശബരിമലയിലെ വിവാദ വിഷയമായ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതു സർക്കാരിന്റെ താത്പര്യം നടപ്പാക്കാൻ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന്റെ നിയമനടപടികൾ നിയന്ത്രിച്ചതും ഇതേ 'വാസു സാർ" തന്നെയെന്നാണ് റിപ്പോർട്ടുകൾ.
സി.പി.എമ്മിന്റെ അടുത്തയാളായ വാസുവിന്റെ അറസ്റ്റോടെ, ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെ പങ്ക് വ്യക്തമാണെന്നും, അതിനാൽ ദേവസ്വം മന്ത്രി വി.എൻ. വാസവനെയും, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രതികളാക്കി കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ. പദ്മകുമാറിന്റെയും പി.എസ്. പ്രശാന്തിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന ബോർഡുകൾക്കെതിരെയും കേസെടുക്കണം. ശബരിമലയിലെ വലിയ അധികാര കേന്ദ്രമായിരുന്ന വാസുവിന്റെ പിൻബലം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളായിരുന്നുവെന്നും സതീശൻ.
പക്ഷേ, താൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ദേവസ്വം ബോർഡ് കമ്മിഷണറും, പ്രസിഡന്റുമായിരുന്ന വാസു സത്യസന്ധനായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ്. അദ്ദേഹം തെറ്റായി ഒപ്പിട്ടതാണ് പ്രശ്നമെന്നും! അങ്ങനെ ഒപ്പിട്ടത് തന്നെയാണല്ലോ പ്രശ്നം! ശബരിമല സ്വർണക്കൊള്ള കേസിൽ ആരെ അറസ്റ്റ് ചെയ്താലും പ്രശ്നമില്ലെന്നും, പ്രതികളായ ഒരാൾക്കും വേണ്ടി ഒരക്ഷരം പറയില്ലെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏതക്ഷരം എന്നുകൂടി പറയണം മാഷേ!
'സസ്പെൻഷന്റെ ഒന്നാം വാർഷികം!" കഴിഞ്ഞ ഒരു വർഷമായി സസ്പെൻഷനിൽ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്, തന്റെ സസ്പെൻഷൻ ആറ് മാസത്തേക്കുകൂടി നീട്ടയതറിഞ്ഞ് ഫേസ് ബുക്കിലിട്ട കുറിപ്പിന്റെ തലക്കെട്ടാണ് ഇത്. വിവാദമായ മുട്ടിൽ മരംമുറിക്ക് വഴിയൊരുക്കിയത് അന്ന് റവന്യു സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എ. ജയതിലക് ആണെന്നാണ് പ്രശാന്തിന്റെ ആരോപണം. മേലുദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന ഇതുപോലൊരു ഫേസ്ബുക്ക് പോസ്റ്റിനാണ്, പ്രശാന്തിനെ ഒരു വർഷം മുമ്പ്, അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സസ്പെൻഡ് ചെയ്തത്. സ്ഥിരം അനുസരണക്കേട് കാട്ടുന്ന കുട്ടിയെപ്പോലെ വീണ്ടും ക്ളാസിനു പുറത്ത്!
നുറുങ്ങ്:
● പി.എം. ശ്രീ വിഷയം പൊളിറ്റ് ബ്യൂറോയിൽ ചർച്ചയായോ എന്നു ചോദിച്ച പത്രലേഖകനോട്,
പത്രപ്രവർത്തനം തുടങ്ങിയിട്ട് എത്ര നാളായെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം.
■ പിണറായി സഖാവിനെക്കുറിച്ച് ഈ പത്രക്കാർക്ക് ഇനിയും ഒരു ചുക്കും അറിയില്ല!
(വിദുരരുടെ ഫോൺ: 99461 08221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |