
സ്വര്‍ണത്തിന് വില കുതിക്കുന്നത് ഒരു പുതിയ കാര്യമല്ലാതായി മാറിയിട്ട് മാസങ്ങളായി. വില എപ്പോള്‍ ഒരു ലക്ഷത്തില്‍ എത്തും എന്ന് മാത്രമേ അറിയാനുള്ളൂ എന്നതാണ് അവസ്ഥ. ആഗോള വിപണിയിലേയും അന്താരാഷ്ട്ര സാഹചര്യങ്ങളിലേയും മാറ്റം അനുസരിച്ച് ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നല്ലാതെ സ്വര്‍ണവില ഒരു പരിധിയില്‍ താഴേക്ക് പോകില്ല എന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് (22 കാരറ്റ്) 11,465 രൂപയും ഒരു പവന് 91,720 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില. ആഭരണമായി ജൂവലറികളില്‍ ചെന്ന് വാങ്ങുകയാണെങ്കില്‍ പണിക്കൂലി ഉള്‍പ്പെടെ വില ഒരുലക്ഷം തൊടും. 18 കാരറ്റ് സ്വര്‍ണമാണ് വാങ്ങുന്നതെങ്കില്‍ ഗ്രാമിന് 9381 രൂപയും പവന് 75,048 രൂപയും നല്‍കണം. ആഭരണമായി വാങ്ങുന്നതിന് പുറമേ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കാണ് നിരവധിപേര്‍ സ്വര്‍ണം വാങ്ങുന്നത്.
ആഭരണം ധരിക്കുന്നതിന് മാത്രമായി സ്വര്‍ണം വാങ്ങുകയാണ് ഉദ്ദേശമെങ്കില്‍ ഒരു പവന് 40,000 രൂപയില്‍ താഴെ മാത്രം നല്‍കിയാല്‍ മതിയാകും. അതായത്, സ്വര്‍ണം നിരവധി കാരറ്റുകളിലാണ് ലഭ്യമായിട്ടുള്ളത്. 24 കാരറ്റ് (തനിത്തങ്കം), 22 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയാണ് വിപണിയില്‍ സജീവമായുള്ളത്. ഇതില്‍ 22 കാരറ്റ് സ്വര്‍ണത്തിനാണ് ആവശ്യക്കാര്‍ കൂടുതലായും ഉള്ളത്. നിക്ഷേപം, ആഭരണം എന്നീ നിലയ്ക്കും ഒപ്പം പണയം വയ്ക്കാനും ഇവയാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
സ്വര്‍ണാഭരണം മാത്രമായി ധരിക്കാനാണ് ഉദ്ദേശമെങ്കില്‍ ഒമ്പത് കാരറ്റില്‍ ലഭ്യമായ സ്വര്‍ണാഭരണങ്ങള്‍ ജൂവലറികളില്‍ ലഭിക്കും. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ ഗ്രാം വില 4740 രൂപയും ഒരു പവന് 37920 രൂപയുമാണ്. ഇതിനോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടി വരുമെന്ന് മാത്രം. ഈ കാരറ്റില്‍ ആഭരണം മാത്രമേ ലഭിക്കൂ. സ്വര്‍ണ നാണയമോ ബാറോ ലഭിക്കില്ല.
ആഭരണം നിര്‍മിക്കുമ്പോള്‍ സ്വര്‍ണം മാത്രമല്ല ഉപയോഗിക്കുന്നത്. ആഭരണങ്ങള്‍ക്ക് കരുത്ത് കിട്ടാന്‍ സ്വര്‍ണത്തിനൊപ്പം മറ്റു ലോഹങ്ങളും ചേര്‍ക്കും.
ചെമ്പ്, വെള്ളി എന്നിവയാണ് സാധാരണ ഉള്‍പ്പെടുത്താറ്. സ്വര്‍ണത്തിന്റെ അംശം 37.5 ശതമാനവും ബാക്കി മറ്റു ലോഹങ്ങളും ചേരുന്നതാണ് ഒമ്പത് കാരറ്റ് സ്വര്‍ണം. വാങ്ങുമ്പോള്‍ വില കുറയുന്ന പോലെ തന്നെ ഒമ്പത് കാരറ്റ് സ്വര്‍ണം വില്‍ക്കുമ്പോഴും വില കുറവായിരിക്കും. അതുപോലെ തന്നെ ഇവ ബാങ്കുകളില്‍ പണയം വയ്ക്കാനും സാധിക്കില്ല. ഒമ്പത് കാരറ്റ് സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ചാല്‍ നിയമ നടപടികള്‍ക്ക് വിധേയരാകുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |