
കണ്ണൂർ: മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്ത് നെല്ലംകുഴിയിൽ സിജോ (37) ആണ് ഇന്നലെ പുലർച്ചെ അഞ്ചോടെ വെടിയേറ്റ് മരിച്ചത്. സംഭവ സമയത്ത് സിജോയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈനിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാം മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. സിജോയുടെ നെഞ്ചിലാണ് വെടിയേറ്റത്.
റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മൃതദേഹത്തിന്റെ സമീപത്തായി പലയിടത്തും രക്തം തളം കെട്ടികിടന്ന നിലയിലായിരുന്നു. ആളൊഴിഞ്ഞതും കാട്ടുപന്നികൾ ധാരാളമുള്ള പ്രദേശവുമാണിത്. കാട്ടുപന്നികളെ ലക്ഷ്യം വച്ച് വന്നതാണോ അതോ സംഭവത്തിൽ മറ്റ് ദുരൂഹതയുണ്ടോ എന്നത് പയ്യന്നൂർ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പെരിങ്ങോം പൊലീസ് അന്വേഷിച്ചുവരികയാണ്.
ലൈസൻസില്ലാതെ കൈവശം വച്ച നാടൻ തോക്കുമായാണ് ഇരുവരും പ്രദേശത്തെത്തിയത്. സംഭവത്തോടനുബന്ധിച്ച് വ്യാജ തോക്ക് നിർമ്മാണത്തെ കുറിച്ചും വിൽപ്പനയെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |