
സുഗന്ധവ്യഞ്ജന, തേയില കയറ്റുമതിക്ക് തീരുവ ഒഴിവാകും
കൊച്ചി: ഇരുനൂറിലധികം കാർഷിക ഉത്പന്നങ്ങളുടെ പകര തീരുവ ഒഴിവാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം രാജ്യത്തെ സുഗന്ധ വ്യഞ്ജന, തേയില കർഷകർക്ക് ആശ്വാസമാകുന്നു. ലോകമെമ്പാടുമുള്ള ഉത്പന്നങ്ങൾക്ക് പകര തീരുവ ചുമത്തിയതോടെ അമേരിക്കയിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതാണ് ഇളവിന് പ്രേരിപ്പിച്ചത്. ഭക്ഷ്യ, തോട്ട, കാർഷിക ഉത്പന്നങ്ങളുടെ തീരുവ പിൻവലിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ എക്‌സിക്യുട്ടീവ് ഓർഡർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അതേസമയം കൊഞ്ച് അടക്കമുള്ള സമുദ്രോത്പന്നങ്ങൾ, ബസുമതി അരി തുടങ്ങിയവയുടെ തീരുവ 50 ശതമാനത്തിൽ തുടരും. ഇന്തയിൽ നിന്നും വൻതോതിൽ കയറ്റി അയച്ചിരുന്ന വജ്രങ്ങൾ, സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ഈടാക്കുന്നതും കനത്ത വെല്ലുവിളിയാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം പകരത്തീരുവയോടൊപ്പം റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന് പിഴയായാണ് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയത്.
ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതിയിൽ നൂറ് കോടി ഡോളറിന്റെ കാർഷിക ഉത്പന്നങ്ങൾക്ക് മാത്രമാണ് പുതിയ ഇളവ് ആശ്വാസം പകരുക. തീരുവയിലെ ആശ്വാസം ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് പുതിയ ഊർജം പകരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അമേരിക്കയിലേക്കുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി
4,400 കോടി രൂപ
ഇളവ് ലഭിക്കുന്ന ഉത്പന്നങ്ങൾ
കുരുമുളക്, ഗ്രാമ്പൂ, ജീരകം, ഏലം, മഞ്ഞൾ, ഇഞ്ചി, തേയില, കാപ്പി, മാങ്ങാ, കശു അണ്ടി
ഇന്ത്യയുടെ കയറ്റുമതി
അമേരിക്കയിലേക്ക് കഴിഞ്ഞ വർഷം 50 കോടി ഡോളറിന്റെ(4,400 കോടി രൂപ) സുഗന്ധ വ്യഞ്ജനങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. ഇക്കാലയളവിൽ 8.3 കോടി ഡോളറിന്റെ(730 കോടി രൂപ) കാപ്പിയും തേയിലയും ഇന്ത്യയിൽ നിന്ന് അമേരിക്കൻ കമ്പനികൾ വാങ്ങി. പ്രതിവർഷം ലോകമൊട്ടാകെയുള്ള വിപണികളിൽ നിന്ന് 84.3 കോടി ഡോളറിന്റെ കശു അണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഇതിൽ അഞ്ചിലൊന്ന് ഇന്ത്യയാണ് വിൽക്കുന്നത്. ഇന്ത്യയ്ക്ക് മേൽ തീരുവ 50 ശതമാനമായി ഉയർത്തിയതോടെ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |