
കൊൽക്കത്ത: ബി.ജെ.പിക്ക് ഗവർണർ ആയുധങ്ങൾ നൽകുന്നുവെന്ന തൃണമൂൽ എം.പി കല്യാൺ ബാനർജിയുടെ ആരോപണത്തിൽ പ്രതികരണവുമായി ബംഗാൾ രാജ് ഭവൻ. നിരുത്തരവാദപരമായ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. രാജ്ഭവൻ അക്രമികൾക്ക് അഭയം നൽകുന്നുവെന്നും ഗവർണർ ബി.ജെ.പിക്ക് ആയുധങ്ങൾ നൽകുന്നുണ്ടെന്നുമായിരുന്നു കല്യാൺ ബാനർജിയുടെ ആരോപണം.
'രാജ്ഭവനിൽ ആയുധങ്ങൾ വിതരണം ചെയ്യുന്നുവെന്ന കല്യാൺ ബാനർജിയുടെ ആരോപണം ശരിയല്ല. രാജ്ഭവൻ അധികൃതർ കല്യാൺ ബാനർജിയോടും നൂറോളം വരുന്ന മാദ്ധ്യമപ്രവർത്തകരോടും സാധാരണക്കാരോടും രാജ്ഭവൻ സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നു. എം.പി.യുടെ ആരോപണം ശരിയാണോയെന്ന് പരിശോധിക്കാൻ വാതിലുകൾ തുറന്നിടുകയാണ്. അദ്ദേഹത്തിന്റെ ആരോപണം ശരിയല്ലെങ്കിൽ, ബംഗാളിലെ ജനങ്ങളോട് ക്ഷമാപണം നടത്തണം. ഇല്ലെങ്കിൽ വിദ്വേഷ പ്രസംഗത്തിന് വിചാരണ നേരിടുക എന്ന ബദൽ സംവിധാനമുണ്ട്. പൊലീസ് കാവൽ നിൽക്കുന്ന രാജ്ഭവനിലേക്ക് ആയുധങ്ങൾ കൊണ്ടുവരാൻ എങ്ങനെയാണ് സാധിച്ചതെന്ന് അന്വേഷിക്കാം. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനാൽ, ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കറോട് അഭ്യർത്ഥിക്കു" മെന്നും രാജ്ഭവൻ പ്രസ്താവനയിലൂടെ അറിയിച്ചു.
കല്യാൺ ബാനർജിയുടെ ആരോപണങ്ങൾക്ക് പിന്നാലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ മറ്റെവിടെയെങ്കിലും പോകാൻ ഗവർണറോട് അഭ്യർത്ഥിച്ചു. എന്നാൽ ഗവർണർ സമ്മതിച്ചില്ല.രാജ്ഭവനിൽ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |