മലായാള സിനിമയിൽ ഹാസ്യതാരമായി തിളങ്ങി നിൽക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെയാണ് സുരാജ് സിനിമയിലേക്ക് കടന്നുവരുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് പിന്നീട് മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടി. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ആദാമിന്റെ മകൻ അബു, ശിക്കാർ, ചേകവർ, പ്രമാണി, കഥപറയുമ്പോൾ,അലിഭായ്, പേരറിയാത്തവൻ,ദെെവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും സുരാജിനെ തേടിയെത്തി.
ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം ഏറെ പേർ അഭിനന്ദനങ്ങളുമായെത്തിയിരുന്നതായി സുരാജ് പറഞ്ഞു. അവാർഡ് കിട്ടിയപ്പോൾ തനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും ഇനിയും അവസരങ്ങൾ ലഭിക്കണമെന്നും അദ്ദേഹം പറയുന്നു. "നേരത്തെ കോമഡി ചെയ്തുകൊണ്ടിരുന്ന സമയത്തും ക്യാരക്ടർ റോളുകൾ ചെയ്തിരുന്നു. പക്ഷെ അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ഹ്യൂമർ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ബാബു ജനാർഥനൻ സാറിന്റെ ഗോഡ് ഫോർ സെയിൽ എന്ന ചിത്രം ചെയ്തത്. അതിൽ ചാക്കോച്ചന്റെ അച്ഛനായിട്ടും ജ്വേഷ്ഠനായിട്ടും രണ്ട് വേഷം ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതിനിടയിലാണ് ഡോ.ബിജുവിന്റെ പേരറിയാത്തവൻ ചെയ്യുന്നതും അതിന് ദേശീയ അവാർഡ് ലഭിക്കുന്നതും. അവാർഡ് കിട്ടിയപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്റെ സുഹൃത്തുക്കൾ ചോദിച്ചു നിനക്കെങ്ങനെയെടേ ഇതൊക്കെ കിട്ടിയത്"- അദ്ദേഹം പറഞ്ഞു.
"മെയിൻ കേന്ദ്രങ്ങളിൽ മാത്രമേ പേരറിയാത്തവൻ റിലീസായുള്ളൂ. എന്നെത്തന്നെ പ്രൂവ് ചെയ്യണമെങ്കിൽ ഇനിയും അവസരങ്ങൾ ലഭിക്കണം. പിന്നെ അൽപം ഭാഗ്യവും കഠിന പ്രയത്നവും വേണം. എത്ര അവാർഡുകൾ ലഭിച്ചാലും ഞാൻ എപ്പോഴും ഞാൻ തന്നെയായിരിക്കും. അതിനൊരു മാറ്റവുമില്ലെന്നും സുരാജ് പറഞ്ഞു". ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |