SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

രാഷ്ട്രീയത്തിലും കൗൺസലിംഗിന് സമയമായി...

Increase Font Size Decrease Font Size Print Page

dsa

രാഷ്ട്രീയരംഗം പോലെയുള്ള പൊതു പ്രവർത്തന മേഖലയിലുള്ളവർ ആത്മധൈര്യം ഉള്ളവരാണെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. കേരളത്തിലെ വർദ്ധിക്കുന്ന ആത്മഹത്യാ നിരക്കുകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയക്കാർ ആത്മഹത്യ ചെയ്യാറില്ലല്ലോ എന്ന് പറയുമായിരുന്നു. ആളുകൾക്കിടയിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്നതിലൂടെ കൈവരുന്ന മനക്കട്ടി പ്രതിസന്ധി വേളകളിൽ അവരെ തുണയ്ക്കുന്നുണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്.

മനസിൽ വിഷമം തിങ്ങുമ്പോൾ പൊതുപ്രവർത്തകർക്കൊപ്പം ആരെങ്കിലുമൊക്കെ ഉണ്ടാകുന്ന സാഹചര്യവും രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ഒരുങ്ങുമായിരുന്നു. എന്നാൽ, ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകരുടെ ഇടയിലെ ആത്മഹത്യാ പ്രവണതയെക്കുറിച്ചുള്ള വാർത്തകൾ ആവർത്തിച്ചു കേൾക്കുന്നു! രാഷ്ട്രീയ പ്രവർത്തന പരിസരം ഒരുക്കിയിരുന്ന മാനസികമായ ചെറുത്തുനിൽപ്പിന്റെ സംരക്ഷണം ഇല്ലാതായിപ്പോകുന്നതിന് കാരണങ്ങൾ എന്തൊക്കെയാകാം?

ഒരു ആദർശത്തിനായുള്ള കൂട്ടായ്മയെന്ന നിലയിൽ നിന്ന്, ഭരണം നേടുകയെന്ന പ്രായോഗിക രാഷ്ട്രീയത്തിലേക്കുള്ള മാറ്റം പ്രവർത്തകരിലും സ്വാർത്ഥതയുടെ വിത്ത് വിതച്ചിട്ടുണ്ടാകാം. ഭൗതിക ലക്ഷ്യങ്ങളിലേക്ക് പാർട്ടികൾ ചുരുങ്ങുമ്പോൾ അനുയായികളും സ്വന്തം ഉയർച്ചയെക്കുറിച്ച് ചിന്തിക്കുക സ്വാഭാവികം. ആദർശരാഷ്ട്രീയ പ്രവർത്തനത്തിൽ സ്ഥാനാർത്ഥിട്ടിക്കറ്റോ, ധനപരമായ നേട്ടങ്ങളോ ഒന്നും ആരെയും അലട്ടിയിരുന്നില്ല. നഷ്ടങ്ങളും തിരസ്കാരവുമൊക്കെ ആദർശത്തിനായുള്ള സഹനമോ ത്യാഗമോ ആയി മാറുമായിരുന്നു. അത് പഴയ കാലം.


രാഷ്ട്രീയത്തിന്റെ 'കെമിസ്ട്രി" മാറുമ്പോൾ അവഗണനയും ഒഴിവാക്കപ്പെടലുമൊക്കെ വ്യക്തിപരമായ നഷ്ടമാകും. അതിൽനിന്ന് ഇച്ഛാഭംഗവും നിരിശയും ഉടലെടുക്കും. സ്ഥാനാർത്ഥിട്ടിക്കറ്റ് പോലുള്ള 'ആനുകൂല്യങ്ങൾ" സ്വന്തം പാർട്ടി നൽകാത്തതുകൊണ്ട് സ്വയം ഉയിരെടുക്കണമെന്നു തോന്നും. പൊതു പ്രവർത്തനത്തെ ലഹരിയായി കൊണ്ടുനടക്കുകയും,​ അതിനുള്ള പാരിതോഷികം പാർട്ടി തരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നവർ കുടുംബത്തെ മറക്കും. അങ്ങനെ പ്രവർത്തിക്കാനാണല്ലോ രാഷ്ട്രീയം അണികളെ ഉപദേശിക്കുന്നത്!

പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോൾ അവരെ കാത്ത് കുടുംബമുണ്ടെന്നൊന്നും പലരും ഓർക്കില്ല. സ്വയം ഉയിരെടുക്കുമ്പോൾ പിന്തിരിപ്പിക്കേണ്ട ആ ഘടകത്തെക്കുറിച്ചുള്ള ബോധം പ്രായോഗിക രാഷ്ട്രീയപ്പാച്ചിലിൽ നഷ്ടമായിട്ടുണ്ടാകും. ഇത്തരം മാറ്റങ്ങൾ മനുഷ്യസഹജമാണ്. രാഷ്ട്രീയത്തിൽ വന്ന മാറ്റങ്ങളുടെ ഫലവുമാണ് അത്. മറ്റ് ഏതു മേഖലയിലുമെന്നതു പോലെ പാർട്ടി പ്രവർത്തകരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തുടങ്ങണം. സ്ഥാനമാനങ്ങളും സീറ്റുമൊക്കെ നിരാകരിക്കപ്പെടുമ്പോൾ വൈകാരിക വിക്ഷോഭങ്ങളിൽ ഉലഞ്ഞുപോകുന്നവരെ പിന്തുണയ്ക്കാൻ സംവിധാനം വേണം.

ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിലും ആശ്വസിപ്പിക്കാൻ ആളുണ്ടെന്ന തോന്നൽ ആത്മഹത്യാ ചിന്തകളെ ഇല്ലാതാക്കിയേക്കും. രാഷ്ട്രീയ ആൾക്കൂട്ടങ്ങളിലും സിന്ദാബാദ് ആരവങ്ങൾക്കിടയിലും ഒറ്റപ്പെടുന്ന, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ ഉണ്ടാകാം. അത് കാണാനുള്ള കണ്ണ് ഇല്ലാതായോ?​ആലോചിക്കേണ്ടതാണ്. 'കിട്ടാനുള്ളത് പുതിയൊരു ലോക"മെന്ന ആദർശപരമായ ചിന്തയിൽ നിന്ന്,​ തനിക്ക് എന്തു കിട്ടുമെന്ന പ്രായോഗിക ബുദ്ധി,​ കക്ഷിഭേദമില്ലാതെ രാഷ്ട്രീയത്തിൽ വ്യാപകമായിക്കഴിഞ്ഞു.

വാഗ്ദാനങ്ങളിലൂടെയും മോഹിപ്പിക്കലുകളിലൂടെയും അണികളെയും സമ്മതിദായകരെയും ഉത്തേജിപ്പിക്കുന്ന വിധത്തിലുള്ള നയംമാറ്റം ശക്തമാണ്. ആഗ്രഹിച്ചതിന് ഭംഗം വരുമ്പോൾ ചിലർക്ക് ജീവിതത്തിന്റെ അർത്ഥം തന്നെ നഷ്ടമായതായി തോന്നിപ്പോകുമെന്ന യാഥാർഥ്യം രാഷ്ട്രീയവും ഉൾക്കൊള്ളേണ്ടതിന്റെ മുന്നറിയിപ്പുകളാണ് ഇതെല്ലാം. ഇപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ തദ്ദേശ തിരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ തോൽക്കുന്നവർക്കായി ഒരു സാന്ത്വന ഹെൽപ്പ് ലൈൻ വേണ്ടി വരുമോ!

(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്ക്യാട്രിസ്റ്റാണ് ലേഖകൻ )

TAGS: POLITCS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY