
ലക്‌നൗ:17കാരിയായ കാമുകിയെ കൊലപ്പെടുത്തിയ സൈനികൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പ്രതിയായ ദീപക്കിന്റെ വിവാഹം മറ്റൊരു യുവതിയുമായി നടത്താൻ നിശ്ചയിച്ചിരുന്നു. ഇതറിഞ്ഞ കാമുകി തന്നെ വിവാഹം കഴിക്കണമെന്ന് ദീപക്കിനെ നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
നവംബർ പത്തിനാണ് ദീപക് കാമുകിയെ കൊലപ്പെടുത്തിയത്. ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പ് കഴുത്ത് അറുത്തതായി ഗംഗാ നഗർ ഡിസിപി കുൽദീപ് ഗുണവത് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെ നടത്തിയ തെരച്ചിലിലാണ് ദീപക് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.
ദീപക്കിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം കുഴിച്ചിട്ടതിന് സമീപം കിടന്ന ഒരു ബാഗിൽ പേരും ഫോൺ നമ്പറും ഉണ്ടായിരുന്നു. ഇത് പ്രതി ദീപക് തന്നെയെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ദീപക് സമ്മതിച്ചു. ഒരു സൈനികനെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്താലാണ് പെൺകുട്ടി തന്നെ സ്‌നേഹിച്ചതെന്നും അയാൾ പറഞ്ഞു.
നവംബർ 30നാണ് ദീപക്കും മറ്റൊരു യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഇതറിഞ്ഞ പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറാൻ ദീപക്കിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പഠനാവശ്യത്തിനായി അമ്മാവന്റെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |