
തിരുവനന്തപുരം: സമഗ്ര വോട്ടർപട്ടിക പരിഷ്‌കാര നടപടികൾക്കിടെ ജോലിസമ്മർദ്ദം കൊണ്ട് മറ്റൊരു ബിഎൽഒയും കുഴഞ്ഞുവീണു. കണ്ണൂരിൽ ഒരു ബിഎൽഒയുടെ ജീവൻ നഷ്‌ടമായ സംഭവത്തിന് പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലും ജോലിസമ്മർദ്ദം വില്ലനാകുകയായിരുന്നു. ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീഴുകയായിരുന്നു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കല്ലറ ശിവകൃപയിൽ ആർ.അനിൽ (50) ആണ് കുഴഞ്ഞുവീണത്.
വാമനപുരം നിയോജകമണ്ഡലത്തിലെ 44ാം ബൂത്തിലെ ബിഎൽഒ ആണ് ഇദ്ദേഹം. കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. അനിൽ കടുത്ത മാനസികസമ്മർദത്തിലായിരുന്നു എന്ന് കുടുംബം അറിയിച്ചു. ഇതിനിടെ വീട്ടിൽ ഫോം വിതരണത്തിനെത്തിയ ബിഎൽഒയ്‌ക്ക് നായയുടെ കടിയേറ്റ സംഭവവും തിരുവനന്തപുരത്തുണ്ടായി.
വിതുരയിൽ വീട്ടിൽ ഫോം വിതരണത്തിനെത്തിയ ബിഎൽഒയ്ക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വിതുര പഞ്ചായത്തിലെ തേവിയോട് വാർഡിൽ ഫോം വിതരണം ചെയ്യാനെത്തിയപ്പോഴാണ് നായ കടിച്ചത്. ബിഎൽഒ തേവിയോട് മിടാലം സ്വദേശി ബിനുവിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. തേവിയോട് സാജുദ്ദീന്റെ വീട്ടിലെ നായയാണ് കടിച്ചത്. കാലിൽ പരിക്കേറ്റ ബി.എൽ.ഒ ബിനു വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |