
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയിൽ പുതിയതായി നിയമിതരായ രണ്ട് ബിഷപ്പുമാരുടെ മെത്രാഭിഷേകം 22ന് രാവിലെ 8ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ.യൂഹാനോൻ കുറ്റിയിൽ റമ്പാനും യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക
വിസിറ്റേറ്റർ ഡോ.കുരിയാക്കോസ് തടത്തിൽ റമ്പാനുമാണ് മെത്രാന്മാരായി അഭിഷിക്തരാകുന്നത്. രാവിലെ 8ന് സമൂഹബലിയ്ക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കാർമ്മികത്വം വഹിക്കും. കോട്ടയം ആർച്ച് ബിഷപ്പ് ഡോ.മാർ മാത്യു മൂലക്കാട്ട് വചനസന്ദേശം നൽകും. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്,ബിഷപ്പുമാരായ ജോസഫ് മാർ തോമസ്,സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്,ഫിലിപ്പോസ് മാർ സ്‌തേഫാനോസ്,വിൻസെന്റ് മാർ പൗലോസ്,തോമസ് മാർ യൗസേബിയോസ്,ഗീവർഗീസ് മാർ മക്കാറിയോസ്,യൂഹാനോൻ മാർ തിയഡോഷ്യസ്,മാത്യൂസ് മാർ പോളിക്കാർപ്പസ്,മാത്യൂസ് മാർ പക്കോമിയോസ്,ആന്റണി മാർ സിൽവാനോസ്,ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം,എബ്രഹാം മാർ ജൂലിയോസ് എന്നിവർ സഹകാർമ്മികരാകും. മുപ്പതോളം മെത്രാപ്പൊലീത്തമാരും യു.കെയിൽ നിന്നും ന്യൂഡൽഹിയിലെ വത്തിക്കാൻ കാര്യാലയത്തിൽ നിന്നും പ്രതിനിധികളും പങ്കെടുക്കും. മെത്രാഭിഷേകത്തിന് ശേഷം അനുമോദന സമ്മേളനം നടക്കും.
മെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി ചേർന്ന കമ്മിറ്റിയുടെ യോഗത്തിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു.
ഫോട്ടോ:ഡോ.യൂഹാനോൻ കുറ്റിയിൽ റമ്പാനും ഡോ.കുരിയാക്കോസ് തടത്തിൽ റമ്പാനും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |