
വാഷിംഗ്ടൺ: ഗാസയിൽ രാജ്യാന്തര സേനയെ നിയോഗിക്കാനുള്ള യു.എസ് പ്രമേയത്തിന് അംഗീകാരം നൽകി യു.എൻ സുരക്ഷാ സമതി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താൻ തയാറാക്കിയ പ്രമേയത്തിന് അനുകൂലമായി അംഗങ്ങൾ വോട്ട് ചെയ്തു.എതിരില്ലാത്ത 13 വോട്ടുകൾക്കാണ് കരട് പ്രമേയം പാസായത്.വോട്ടെടുപ്പിൽ നിന്നും റഷ്യയും ചൈനയും വിട്ടുനിന്നു.
അതിർത്തി സുരക്ഷിതമാക്കുന്നതിനും ഗാസയിലെ സൈനികവത്കരണം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും പുതുതായി പരിശീലനം ലഭിച്ച പാലസ്തീൻ സേനയ്ക്കൊപ്പം ഇസ്രയേലും ഈജിപ്തും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രമേയം പറയുന്നു. ഇത് യു.എന്നിന്റെ ഔദ്യോഗിക സമാധാന സേനയായിരിക്കില്ല. കൂടാതെ ട്രംപിന്റെ മേൽനോട്ടത്തിൽ ഒരു താത്കാലിക ഭരണ അതോറിറ്റിയായി ‘ബോർഡ് ഓഫ് പീസ്’ സ്ഥാപിക്കാനും പ്രമേയം അനുമതി നൽകുന്നു.
അതേസമയം യു.എസ് പ്രമേയത്തിനെതിരെ ഹമാസും പലസ്‌തീനിലെ മറ്റ് ചില സംഘങ്ങളും മുന്നറിയിപ്പുമായി രംഗത്ത് എത്തി. ഇത് തങ്ങളുടെ മേൽ രാജ്യാന്തര നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും പ്രമേയം ഇസ്രയേലിന് അനുകൂലമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
തങ്ങളുടെ കാര്യങ്ങൾ നിശ്ചയിക്കാൻ തങ്ങൾക്ക് കഴിയുമെന്നും പ്രമേയ പ്രകാരം രൂപീകരിക്കുന്ന സേനയിൽ ഇസ്രയേൽ ഉണ്ടാകരുതെന്നും അവർ കൂട്ടിച്ചേർത്തു.ഗാസയെ സൈനിക മുക്തവും ഹമാസിനെ ആയുധ മുക്തവും ആക്കണമെന്നും ഇത് സാധാരണ നിലയിൽ നടക്കില്ലെങ്കിൽ കഠിനമായ മാർഗങ്ങൾ കൈക്കൊള്ളണമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ദൗത്യം
പ്രമേയമനുസരിച്ച്, ഈ താത്കാലിക അതോറിറ്റിക്കും അന്താരാഷ്ട്ര സേനയ്ക്കും 2027 അവസാനം വരെയാണ് അംഗീകാരമുള്ളത്.
അന്താരാഷ്ട്ര സേനയുടെ അധികാരം:
ഗാസയുടെ അതിർത്തികൾ നിരീക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.
മുഴുവൻ പ്രദേശവും സൈനികരഹിതമാക്കുക.
സംസ്ഥാനേതര സായുധ ഗ്രൂപ്പുകളിൽ നിന്നുള്ള ആയുധങ്ങൾ ശാശ്വതമായി നിർത്തലാക്കുക.
ഇസ്രയേൽ, ഈജിപ്ത് എന്നീ അയൽ രാജ്യങ്ങളുമായി അടുത്ത കൂടിയാലോചനകളും സഹകരണവും ഉറപ്പാക്കണം.
ഇസ്രയേൽ സേനയുടെ പിൻവാങ്ങൽ, സൈനികരഹിതമാക്കലുമായി ബന്ധിപ്പിച്ച സമയപരിധിക്കനുസരിച്ച് നടപ്പാക്കും.
താത്കാലിക അതോറിറ്റിയുടെ തലവനായ ‘ബോർഡ് ഓഫ് പീസി’ലെ അംഗങ്ങളെ അടുത്ത ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
ഇത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായി മാറും, ലോകമെമ്പാടും കൂടുതൽ സമാധാനത്തിന് ഇത് വഴിയൊരുക്കും, ഇത് ഒരു യഥാർത്ഥ ചരിത്രപരമായ നിമിഷമാണ്!
-ഡൊണാൾഡ് ട്രംപ്
യു.എസ് പ്രസിഡന്റ്
ഈ പ്രമേയം അധിനിവേശ പാലസ്തീൻ പ്രദേശത്ത് യു.എസ് നടത്തുന്ന അനിയന്ത്രിതമായ നീക്കങ്ങൾക്ക് ഒരു മറയായി മാറരുത്.
-വാസിലി നെബെൻസിയ
റഷ്യയുടെ യു.എൻ അംബാസഡർ
പ്രമേയം ചരിത്രപരമാണ്. പ്രമേയം ഗാസയെ അഭിവൃദ്ധിപ്പെടുത്തും.സുരക്ഷിതമായി ജീവിക്കാൻ അനുവദിക്കുന്ന അന്തരീക്ഷത്തിനും വഴിയൊരുക്കുന്ന സുപ്രധാന ചുവടുവയ്പ്പാണ്.
മൈക്ക് വാൾട്ട്സ്
ഐക്യരാഷ്ട്ര സംഘടനയുടെ യുഎസ് അംബാസഡർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |