
മലപ്പുറം: തെക്കൻ മേഖലയിൽ മുസ്ലിം ലീഗിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പ്രാദേശിക നേതൃത്വങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ . മലപ്പുറം പ്രസ് ക്ലബിൽ മീറ്റ് ദി ലീഡർ പരിപാടിയിൽ പറഞ്ഞു.
ലീഗിന് അർഹതപ്പെട്ട സീറ്റുകൾ ലഭിക്കുന്നതിന് കോൺഗ്രസുമായും മറ്റു ഘടകകക്ഷികളുമായും ചർച്ചകൾ തുടരുകയാണ്. വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ ബീഹാറിനുണ്ടായ അനുഭവം കേരളത്തിൽ ആവർത്തിക്കരുത്. പരിഷ്‌കരണം വേഗത്തിൽ നടപ്പാക്കിയപ്പോൾ പലർക്കും രേഖകൾ സമർപ്പിക്കാനായില്ല. അതിലൂടെ വോട്ടവകാശം നഷ്ടപ്പെട്ടു.ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണ്.
പെൻഷൻ തുക കൂട്ടിയതിൽ സംസ്ഥാന സർക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു. തമിഴ്‌നാട്ടിൽ ജയലളിത സാരി നൽകിയിരുന്നു. ആനുകൂല്യങ്ങൾ നൽകി വോട്ടു വാങ്ങുന്നത് ജനാധിപത്യത്തിന് നല്ലതല്ല. സർക്കാർ ഇങ്ങനെ ചെയ്തത് ദോഷകരമാണ്. ശബരിമലയിൽ ഭക്തർക്കാവശ്യമായ സൗകര്യങ്ങളെല്ലാം സർക്കാർ ഉറപ്പാക്കണം. വയനാട് ദുരന്തത്തിലെ ഇരകൾക്കുള്ള മുസ്ലിം ലീഗിന്റെ ഭവന നിർമ്മാണം അടുത്തവർഷം ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |