
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ യു.എസ് പുറത്തുവിടും. ഇതുസംബന്ധിച്ച ബില്ലിന് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നൽകി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബില്ലിൽ ഉടൻ ഒപ്പിടുന്നതോടെ 30 ദിവസത്തിനകം ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഫയലുകൾ പുറത്തുവിടും.
ട്രംപ് മുതൽ ശതകോടീശ്വരൻ ഇലോൺ മസ്ക് വരെ ഒട്ടനവധി പ്രമുഖരുടെ പേരുകൾ ഫയലുകളിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഫയലുകളിൽ പേരുള്ളവരെല്ലാം ഏതെങ്കിലും തരത്തിലെ തെറ്റുചെയ്തെന്ന് പറയാനാകില്ല. ട്രംപും എപ്സ്റ്റീനും തമ്മിൽ 1980കൾ മുതൽ 15 വർഷം നീണ്ട സൗഹൃദമുണ്ടായിരുന്നെന്ന് കരുതുന്നു. വിരുന്നുകളിലും മറ്റും ഇരുവരും ഒരുമിച്ച് സന്നിഹിതരായിരുന്നു.
റിയൽ എസ്റ്റേറ്റ് തർക്കത്തെ തുടർന്ന് 2004ൽ എപ്സ്റ്റീനുമായുള്ള സൗഹൃദം ഉപേക്ഷിച്ചെന്ന് ട്രംപ് പറയുന്നു. ഫയലുകൾ പുറത്തുവരുന്നതിനെ ആദ്യം ട്രംപ് എതിർത്തിരുന്നു. എന്നാൽ, ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കോൺഗ്രസിലെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് ട്രംപ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തു.
ലൈംഗിക കടത്ത്, പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടയാളാണ് ജെഫ്രി എപ്‌സ്റ്റീൻ. സമ്പന്നനും ധനകാര്യ വിദഗ്ദ്ധനുമായ എപ്‌സ്റ്റീനെ വിചാരണ കാത്തിരിക്കുന്നതിനിടെ, 2019ൽ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |