
കൊച്ചി: യു.എ.ഇയിലെ സാമ്പത്തിക, നികുതി മേഖലകളിലുണ്ടാകുന്ന വിപ്ളവകരമായ മാറ്റങ്ങൾ ഇന്ത്യയ്ക്കാർക്ക് വിപുലമായ സാദ്ധ്യതകളാണ് തുറന്നിടുന്നത്. എട്ടു വർഷത്തിനിടെ ടാക്‌സേഷൻ രംഗത്ത് മലയാളികൾ ഉൾപ്പെടെയുള്ളവർ മികച്ച നേട്ടമാണുണ്ടാക്കിയത്. 2018ൽ ചരിത്രത്തിലാദ്യമായി യു.എ.ഇ മൂല്യ വർദ്ധിത നികുതി(വാറ്റ്) സമ്പ്രദായം നടപ്പാക്കിയതോടെയാണ് കാലങ്ങളായി അസംഘടിതമായിരുന്ന അക്കൗണ്ടിംഗ് മേഖലയിൽ ഉണർവുണ്ടായത്. യു.എ.ഇയിലെ ആറ് ലക്ഷത്തിലധികം കമ്പനികളിൽ 70 ശതമാനവും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ(എം.എസ്.എം.ഇ) വിഭാഗത്തിലാണ്. അവർക്ക് ശാസ്ത്രീയവും സമഗ്രവുമായ അക്കൗണ്ടിംഗ് സംവിധാനം ഉണ്ടായിരുന്നില്ല. നിയമപരമായ ബാദ്ധ്യതയല്ലാത്തതിനാലാണ് കമ്പനികൾ സംവിധാനങ്ങൾ ഒരുക്കാതിരുന്നത്.
വലിയ സ്ഥാപനങ്ങൾ ബാങ്കിംഗ് ആവശ്യങ്ങൾക്കായി കൃത്യമായ അക്കൗണ്ടിംഗ്, ഓഡിറ്റ് സംവിധാനങ്ങൾ നേരത്തേ നടപ്പാക്കിയിരുന്നു. വാറ്റ് വന്നതിനു ശേഷം വലിയ മാറ്റമാണ് ഈ രംഗത്തുണ്ടായത്. ജി.എസ്.ടി നടപ്പാക്കിയപ്പോൾ ഇന്ത്യ ഒരുക്കിയതു പോലെ യു.എ.ഇയിൽ വാറ്റിനായി പുതിയ സോഫ്‌റ്റ്‌വെയറുകൾ തയ്യാറാക്കി, ഇതോടൊപ്പം അക്കൗണ്ടിംഗ്, ഫിനാൻസിംഗ് മേഖലകളിൽ വിദഗ്ദ്ധ തൊഴിലാളികളെയും കണ്ടെത്താൻ നിർബന്ധിതരായി.
നിലവിൽ യു.എ.ഇയിലെ ജനസംഖ്യയുടെ 35 ശതമാനം ഇന്ത്യക്കാരാണ്. ആകെ ജനസംഖ്യയുടെ 10 ശതമാനം മലയാളികളും. ചെറിയ സ്ഥാപനങ്ങൾ നടത്തുന്നവരിലും ജോലിക്കാരിലും അധികവും മലയാളികളാണ്. അതിനാലാണ് ഈ മേഖലയിൽ മലയാളികൾക്ക് ഏറെ നേട്ടമുണ്ടാക്കാനായത്.
സ്വർണ ഖനിയായി കോർപ്പറേറ്റ് ടാക്സ്
കഴിഞ്ഞ വർഷം കോർപ്പറേറ്റ് ടാക്‌സ് കൂടി നടപ്പാക്കിയതോടെ അക്കൗണ്ടിംഗ് മേഖലയിലെ അവസരങ്ങൾ വിപുലമായി. സങ്കീർണമായ ടാക്‌സേഷൻ സ്ട്രക്ചർ അറിയാവുന്നവർക്ക് ഇതോടെ വലിയ അവസരങ്ങളാണ് ലഭിച്ചത്. ഇപ്പോഴും ഓഡിറ്റ്, അക്കൗണ്ടിംഗ് സ്ഥാപനങ്ങളുടെ എണ്ണം യു.എഇയിൽ കുത്തനെ കൂടുകയാണ്. അതിനനുസരിച്ച് തൊഴിലവസരങ്ങളും ഉയരുന്നു.
കോർപ്പറേറ്റ് ടാക്‌സ് ഒൻപത് ശതമാനമാണെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് എളുപ്പത്തിൽ വ്യവസായങ്ങളും സംരംഭങ്ങളും നടത്താനാകുന്ന അന്തരീക്ഷമാണ് യു.എ.ഇയിലുള്ളത്.
ഓഡിറ്റിംഗിലെ സാദ്ധ്യതകൾ
ഫ്രീ സോൺ മേഖലയിലാണ് കമ്പനിയെങ്കിൽ എല്ലാ വർഷവും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണം. ഓരോ വർഷവും സർക്കാരിന് സമർപ്പിക്കേണ്ട ഓഡിറ്റ് ഉണ്ട്. കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഈ മേഖലയുമായി ബന്ധപ്പെട്ട വിവധ കോഴ്‌സുകൾ ചെയ്യുന്ന കുട്ടികൾക്ക് വലിയ അവസരമാണിത്. അടുത്ത വർഷം യു.എ.ഇയിൽ ഇലക്ട്രോണിക് ഇൻവോയ്‌സ് സംവിധാനം വരുന്നതിനാൽ ഈ മേഖലയിൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കാം.
(ദുബായ് സർക്കാരിന്റെ സാമ്പത്തിക മന്ത്രാലയത്തിലെ ലൈസൻസ്ഡ് ഫിനാൻഷ്യൽ ഓഡിറ്ററാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |