
എ.ഐ ആശങ്ക ഒഴിഞ്ഞത് നേട്ടമായി
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) മേഖലയിലെ കുമിള പൊട്ടുമോയെന്ന ആശങ്ക ഒഴിഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണി റെക്കാഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കായളവിൽ ലോകത്തിലെ പ്രമുഖ എ.ഐ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ ലാഭം ഉയർന്നതും ഭാവിയിലെ മികച്ച വളർച്ചാ സാദ്ധ്യതകൾ വെളിപ്പെടുത്തിയതുമാണ് ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ആവേശമായത്. ഇതോടെ യു.എസിലെയും ഏഷ്യയിലെയും പ്രധാന വിപണികൾ മുന്നേറി. സെൻസെക്‌സ് 446.21 പോയിന്റ് ഉയർന്ന് 85,632.68ൽ അവസാനിച്ചു. നിഫ്‌റ്റി 139.5 പോയിന്റ് നേട്ടവുമായി 26,192.15ൽ എത്തി. ഒരു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന തലത്തിലാണ് പ്രധാന സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം സെപ്തംബറിൽ രേഖപ്പെടുത്തിയ റെക്കാഡ് ഉയരത്തിലേക്ക് 346 പോയിന്റ് മാത്രം വ്യത്യാസത്തിലാണ് സെൻസെക്സ്.
റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ മോട്ടോർസ്, ടെക്ക് മഹീന്ദ്ര എന്നിവയാണ് ഇന്നലെ പ്രധാനമായും നേട്ടമുണ്ടാക്കിയത്. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര കമ്പനികൾ വിറ്റുവരവിലും ലാഭത്തിലും മികച്ച വളർച്ച നേടിയതും നിക്ഷേപകരിൽ ആവേശം സൃഷ്‌ടിക്കുന്നു.
സെൻസെക്സ് 94,000 കടക്കുമെന്ന് എച്ച്.എസ്.ബി.സി
അടുത്ത വർഷം ഡിസംബറോടെ സെൻസെക്‌സ് പത്ത് ശതമാനം പോയിന്റ് ഉയർന്ന് 94,000ൽ എത്തുമെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ എച്ച്.എസ്.ബി.സിയുടെ ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കി. ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഓഹരികളുടെ നിക്ഷേപ മൂല്യം ന്യായമായ തലത്തിലാണെന്നും അവർ പറയുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികളുടെ മൊത്തം മൂല്യം
81.5 ലക്ഷം കോടി രൂപ
മ്യൂച്വൽ ഫണ്ടുകളുടെ നിലവിലെ ആസ്‌തി
79.88 ലക്ഷം കോടി രൂപ
നടപ്പുവർഷം എസ്.ഐ.പിയിലൂടെ വിപണിയിലെത്തിയ നിക്ഷേപം
2.81 ലക്ഷം കോടി രൂപ
വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു
ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ ഫണ്ടുകൾ ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. ബുധനാഴ്ച 1,580 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിക്ഷേപ സാദ്ധ്യതകൾ ഉയരുകയാണ്. ഇന്ത്യയും അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ അടുത്ത ദിവസം ഒപ്പുവക്കുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |