
തിരുവനന്തപുരം: കരിക്ക് ചെറുതായി അരിഞ്ഞ് ഡ്രൈയറിൽ ഉണക്കിയെടുത്താൽ കിട്ടുന്നത് ഒന്നാന്തരം ചിപ്സ്. എണ്ണയിൽ വറുത്തെടുക്കേണ്ടതില്ല. അതിനാൽ, ആരോഗ്യത്തിനും ദോഷമില്ല. ചായയോടൊപ്പമോ അല്ലാതെയോ ഒക്കെ കൊറിക്കാം. തിരുവനന്തപുരം കാരയ്ക്കാമണ്ഡപം പൊന്നുമംഗലം എൻ.എസ്. ഹൗസിൽ ഷമീർ- നജ്മി ദമ്പതികൾ പുറത്തിറക്കിയ കരിക്കിൻ ചിപ്സ് ഹിറ്റായി. ആവശ്യക്കാർ ഏറിയതോടെ തരക്കേടില്ലാത്ത വരുമാനവും ലഭിക്കുന്നു.
വാനില, പൈനാപ്പിൾ, മാംഗോ ഫ്ളേവറുകളിലും കരിക്കിൻ ചിപ്സ് തയ്യാറാക്കുന്നുണ്ട്. എണ്ണ അല്പംപോലും ചേർക്കാതെ എട്ടുമണിക്കൂറോളം ഡ്രൈയറിൽ ഉണക്കിയെടുക്കുന്നതിനാൽ ഒരു വർഷത്തോളം കേടാകാതെ ഇരിക്കും. എന്തെങ്കിലും വെറൈറ്റി സംരംഭം ആരംഭിക്കണമെന്ന ആലോചനയിൽ നിന്നാണ് ഷമീറിനെ കരിക്കിൻ ചിപ്സിലെത്തിച്ചത്. കുടുംബവും പിന്തുണച്ചു.
കരിക്ക് എണ്ണയിൽ വറുത്തെടുക്കാൻ കഴിയില്ലെന്ന് മനസിലായതോടെ വിദേശ രാജ്യങ്ങളിലെ നിർമ്മാണ രീതി മനസിലാക്കി ഡ്രൈയർ പരീക്ഷിക്കുകയായിരുന്നു. പലതവണ പരീക്ഷിച്ച ശേഷമാണ് വിപണിയിലിറക്കിയത്.
നൂറ് ഗ്രാമിന് 100 രൂപ
ആഴ്ചയിൽ മൂന്ന് ദിവസമാണ് കരിക്കിൻ ചിപ്സ് ഉണ്ടാക്കുന്നത്. ഒരു ദിവസം 15 കിലോവരെ വിറ്റുപോകാറുണ്ടെന്ന് ഷമീർ പറയുന്നു. നൂറു ഗ്രാമിന് നൂറു രൂപയാണ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |