
പനാജി: ഗോവ, ആന്ധ്ര, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള സിനിമാ ചരിത്രം പേറുന്ന ഫ്ലോട്ടുകൾ, എൻ.എഫ്.ഡി.സിയുടെ 50 വർഷം ദൃശ്യവത്കരിച്ച ഫ്ലോട്ടുമടക്കം ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഫ്ലോട്ട് ഇല്ലാതിരുന്നതും ശ്രദ്ധേയമായി. പനാജിയിലെ ഇനോക്സ് വളപ്പിനു മുന്നിൽ നിന്ന് കല അക്കാഡമി വരെയായിരുന്നു ഘോഷയാത്ര.
തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ എൽ.മുരുകൻ, ശ്രീപദ് നായിക്ക്, ഗോവ ഗവർണർ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, അനുപം ഖേർ, പ്രശസ്ത തെലുഗു നടൻ നന്ദമുരി ബാലകൃഷ്ണ തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രതിഭകൾ പങ്കെടുത്തു. ബ്രസീലിയൻ ചിത്രം ബ്ലു ട്രെയിൽ ആയിരുന്നു ഉദ്ഘാടന ചിത്രം.
എ.ഐ ഹാക്കത്തോൺ
ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ പ്രധാന സവിശേഷത സിനിമയുമായി ബന്ധപ്പെട്ട എ.ഐ ഹാക്കത്തോൺ ആണ്. എഡിറ്റിംഗ്, സൗണ്ട്, ഫിലിം പൈറസി മേഖലകളിലെ എ.ഐ സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി എൽ.മുരുകൻ പറഞ്ഞു. വേവ്സ് ഫിലിം ബസാറിന്റെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം, ബസാറിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം, തിരക്കഥ എന്നിവയ്ക്ക് 20,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചു. മലയാളി സംവിധായകൻ ആർ.ശരത്തിന്റെ ഫ്രീഡം ഫ്രണ്ട്‌സ് എന്ന ഇൻഡി ബ്രിട്ടീഷ് സംരംഭത്തിന്റെ മാർക്കറ്റിംഗ് ചർച്ചയും ബസാറിൽ നടക്കുന്നുണ്ട്. വി.കെ.കൃഷ്ണമേനോന്റെ 1947വരെയുള്ള ബ്രിട്ടനിലെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തമെന്ന് ശരത് കേരളകൗമുദിയോട് പറഞ്ഞു. വിഖ്യാത ബ്രിട്ടീഷ് നടൻ ടെന്നസി ബ്രൗൺ ആണ് മേനോനെ അവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |